അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്. ചൈനീസ് ചാന്ദ്ര പുതുവത്സരാഘോഷത്തിനിടെ ലോസ് ആഞ്ചല്‍സില്‍ നടന്ന വെടിവെപ്പില്‍ 10 പേര് മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അതിനിടെ അക്രമിയെ മരിച്ചനിലയില്‍ കണ്ടെത്തി. എഴുപത്തിരണ്ടുകാരനായ ഏഷ്യന്‍ വംശജനാണ് മരിച്ചത്. വാനിലുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ സ്വയം വെടിവച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 10 മണിക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് ലോസ് ആഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് ചാന്ദ്ര പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. മേഖലയിലെ ഏറ്റവും വലിയ ചാന്ദ്ര പുതുവത്സര പരിപാടികളിലൊന്നാണ് ഇവിടെ നടക്കാറുള്ളത്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം.
ലോസ് ആഞ്ചലസിന് 13 കിലോമീറ്റര്‍ കിഴക്കാണ് മോണ്ടെറി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ ഏകദേശം 61,000ത്തോളം വരുന്ന ജനസംഖ്യയില്‍ 65 ശതമാനവും ഏഷ്യന്‍ വംശജരാണ്. ഈ വര്‍ഷം യു.എസിലുണ്ടായ ഏറ്റവും വലിയ കൂട്ടവെടിവയ്പാണിത്.
ഗാര്‍വി അവന്യൂവിലെ ഒരിടത്ത് പൊലീസും ഫയര്‍ യൂണിറ്റുകളും ഇരച്ചുകയറുന്നതും ഇരകളെ ചികിത്സിക്കുന്നതും സോഷ്യല്‍ മീഡിയയിലെ പ്രചരിക്കുന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇതിലെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏകദേശം 647 കൂട്ടവെടിവയ്പുകള്‍ യു.എസിലുണ്ടായെന്നാണ് ഗണ്‍ ആന്‍ഡ് വയലന്‍സ് ആര്‍ക്കൈവ് വെബ്സൈറ്റിന്റെ കണക്ക് വ്യക്തമാക്കുന്നത്.