ജിപി അപ്പോയിന്റ്മെന്റുകള്‍ക്കും ആക്സിഡന്റ് അന്റ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിക്കാനും രോഗികളില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കണമെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. എന്‍എച്ച്എസിനെ അന്ധമായി വിശ്വസിക്കുന്ന പൊതുജനങ്ങള്‍ തന്നെയാണ് പരിഷ്കാരത്തിന് പ്രധാന തടസമെന്ന് ജാവിദ് കുറ്റപ്പെടുത്തി. സേവനം നല്കുമ്പോള് ചാര്‍ജ്ജ് ഈടാക്കുന്നത് വഴി അവരുടെ സംഭാവന കൂടി ഉള്‍പ്പെടുത്താനും, കുറഞ്ഞ വരുമാനമുള്ള രോഗികളെ സംരക്ഷിച്ച് കൊണ്ട് തന്നെ ഇത് നടപ്പാക്കാനും കഴിയുമെന്ന് ജാവിദ് വ്യക്തമാക്കുന്നു.
എന്‍എച്ച്എസിനെ രക്ഷിക്കാന്‍ കഠിനമായ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ സിസ്റ്റം നിലനില്‍ക്കുന്നതല്ലെന്ന് വിശദീകരിച്ച ജാവിദ് ഈ രീതിയില്‍ എന്‍എച്ച്എസ് സേവനങ്ങള്‍ റേഷന്‍ ചെയ്യാന്‍ ആളുകളെ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിപ്പിക്കുകയെന്ന മാര്‍ഗ്ഗം മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ പ്രധാനമന്ത്രി സുനാക് നിലവില്‍ ഈ മാറ്റങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.