കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കെ രാജിപ്രഖ്യാപനവുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. അടുത്ത മാസം ഏഴിന് രാജിവയ്ക്കുമെന്നാണ് പ്രഖ്യാപനം. ഒരു തിരഞ്ഞെടുപ്പില്‍ക്കൂടി മത്സരിക്കാനു്ള്ള ഊര്‍ജം തനിക്ക് ഇല്ലെന്നാണ് ജസീന്തയുടെ നിലപാട്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുന്ന സമയം തന്നെ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. ന്യുസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ജസീന്ത ആര്‍ഡന്റെ രാജി പ്രഖ്യാപനം.
ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാത്രമാണ് നിലവില്‍ ആഗ്രഹിക്കുന്നതെന്നും ജസീന്ത പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തു. പ്രധാനമന്ത്രി പദം തന്നില്‍ നിന്ന് പലതും എടുത്തുകളഞ്ഞെന്നും ജസീന്ത പറഞ്ഞു.
2017-ല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ പ്രധാനമന്ത്രിയായ ജസീന്ത, മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടിയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചിരുന്നു, എന്നാല്‍ അടുത്തിടെയായി ജസീന്തയുടെ ജനപ്രീതി കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണോ രാജിപ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 14 ന് നടക്കുമെന്നും അതുവരെ താന്‍ ഇലക്ടറേറ്റ് എംപിയായി തുടരുമെന്നും ജസീന്ത പറഞ്ഞു. തന്റെ രാജിക്ക് പിന്നില്‍ ഒരു രഹസ്യവുമില്ലെന്ന് അവര്‍ വ്യക്തമാക്കി. 'ഞാന്‍ ഒരു മനുഷ്യനാണ്, എനിക്ക് ഇത് സമയമാണ്. ഞാന്‍ പോകുന്നു, കാരണം ഇത്തരമൊരു പദവിയുള്ള ജോലി ഒരു വലിയ ഉത്തരവാദിത്തമാണ്- ജസീന്ത പറയുന്നു.
2017ല്‍ ന്യുസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമ്പോള്‍ അന്ന് 37 വയസുകാരിയായ ജസീന്ത സ്വന്തമാക്കിയത് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് കൂടിയായിരുന്നു. അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവും ജെസീന്ത തന്നെ. മാതൃകാപരമായ ഭരണം എന്ന് ന്യുസിലന്ഡിലെ പല സംഭവങ്ങളുടെ ഉദാഹരണവും ചൂണ്ടിക്കാട്ടി ലോകം ജസീന്തയെ വാഴ്ത്തിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിലെ മികവ്, ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പിനോടുള്ള പ്രതികരണം, വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്ഫോടനത്തെ കൈകാര്യം ചെയ്ത രീതി മുതലായവയിലൂടെ ജെസീന്ത പലതവണ ലോകത്തിന്റെയാകെ കൈയടി നേടി. രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുക എന്നതാണ് ഏറെ പ്രധാനമെന്ന് ഉറച്ചുവിശ്വസിച്ച നേതാവായിരുന്നു ജെസീന്ത. ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.