രാജ്യത്തെ പണപ്പെരുപ്പം സകല സീമകളും ലംഘിച്ച് മുന്നോട്ട് കുതിക്കുമ്പോള്‍ കിതക്കുന്നത് ഭാവിയെപ്പറ്റിയുള്ള മോഹന സ്വപ്നങ്ങളും പ്രതീക്ഷകളുമായി യുകെയില്‍ കാലുകുത്തിയ ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍. ഇവരില്‍ പലര്‍ക്കും അവര്‍ പഠിക്കുന്ന കോളേജോ യൂണിവേഴ്സിറ്റിയോ സ്ഥിതിചെയ്യുന്ന നഗരങ്ങളില്‍ ഒരു താമസസ്ഥലം കണ്ടെത്താന്‍ ആകുന്നില്ല. പണപ്പെരുപ്പം വര്‍ദ്ധിച്ചതോടെ പലയിടങ്ങളിലും വാടകയും കൊക്കിലൊതുങ്ങാത്ത സ്ഥിതിവിശേഷമാണ്.
നാട്ടിലെ കണ്‍സള്‍ട്ടന്‍സികളുടെ തേന്‍പുരട്ടിയ വാക്കുകള്‍ വിശ്വസിച്ച് പോയ വര്‍ഷം സ്റ്റുഡന്റ് വിസയില്‍ രാജ്യത്ത് പറന്നിറങ്ങിയത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. എന്നാല്‍ കോളേജുകളും, യൂണിവേഴ്സിറ്റികളും ഉള്ള നഗരങ്ങള്‍ക്ക് അടുത്ത് താമസസൗകര്യവും, ഭക്ഷണവും താങ്ങാന്‍ കഴിയുന്ന രീതിയില്‍ ലഭിക്കുകയെന്നത് നടക്കാത്ത സ്വപ്നമായി മാറിക്കഴിഞ്ഞു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ചരിത്രത്തില്‍ ഏറ്റവുമധികം ഉയര്‍ന്നത് പോയ വര്‍ഷമാണ്. ആണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഹൗസിങ്ങ് കോസ്റ്റ് ഉള്‍പ്പെടുന്ന കണ്‍സ്യൂമര്‍ പ്രൈസസ് ഇന്‍ഡെക്സ് 8.8 ശതമാനമായാണ് വര്‍ധിച്ചത്. പണപ്പെരുപ്പം 9.3 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വിസകള്‍ അനുവദിക്കപ്പെട്ട രാജ്യമായി മാറി. 2022 സെപ്റ്റംബര്‍ വരെ 1.27 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് രാജ്യം വിസ അനുവദിച്ചത്. താമസ സ്ഥലം മാത്രമല്ല, പലപ്പോഴും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറെയാണ്. പണപ്പെരുപ്പം കൂടിയതോടെ ഭക്ഷണ സാധനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് രണ്ടാഴ്ച്ചത്തെ ഭക്ഷണത്തിനായി നല്‍കിയിരുന്ന പണം ഇപ്പോള്‍ രണ്ട് ദിവസത്തെ ഭക്ഷണത്തിനായി ചെലവഴിക്കണം എന്നാണ് ഏഴു വര്‍ഷം മുന്‍പ് ബാച്ചിലേഴ്സ് പൂര്‍ത്തിയാക്കിയ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യങ്ങള്‍ ലീസ് ചെയ്യുന്നത് കൗണ്‍സിലുകള്‍ വിലക്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ ചെലവ് കീറാമുട്ടിയായത്.