ഇന്നലെ അര്‍ദ്ധരാത്രിക്ക് പുറത്തിറങ്ങിയ, രാജകുടുംബത്തിനെതിരെ വിവാദ വെളിപ്പെടുത്തലുകളടങ്ങിയ ഹാരി രാജകുമാരന്റെ ഓര്‍മ്മക്കുറിപ്പ് 'സ്പെയര്‍' വില്‍പ്പനയ്ക്കെത്തി മണിക്കൂറുകള്‍ക്കകം ചൂടപ്പം പോലെ വിറ്റുപോയി. പ്രസാധകരുടെ കണക്കുകള്‍ പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വേഗതയില്‍ വിറ്റുപോയ, നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പുസ്തകമായി മാറുകയാണ് സ്പെയര്‍. 16 ഭാഷകളില്‍ പുസ്തകം ലോകമെമ്പാടും പ്രസിദ്ധീകരിച്ചതിനാല്‍, പുസ്തകത്തിന്റെ, ഹാര്‍ഡ് കോപി, ഈ ബുക്ക്, ഓഡിയോ ബുക്ക് എന്നീ ഇനങ്ങളിലായി ഇതുവരെ 4 ലക്ഷത്തില്‍ അധികം കോപ്പികള്‍ വിറ്റുപോയതായാണ് പ്രസാധകര് അവകാശപ്പെടുന്നത്.
നീണ്ട ക്യൂവായിരുന്നു പുസ്തകശാലകള്‍ക്കു മുന്നില്‍. തിരക്ക് പരിഗണിച്ചു രാജ്യത്തുടനീളമുള്ള പുസ്തകശാലകള്‍ അര്‍ദ്ധരാത്രിയും തുറന്നിരുന്നു. പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരണത്തിന് മുമ്പേ ലീക്കായതോടെ ആവശ്യക്കാര്‍ കൂടി. ഹാരിയുടെ പുസ്തകം 'ഒരു ദശാബ്ദക്കാലത്തെ ഏറ്റവും വലിയ പ്രീ-ഓര്‍ഡര്‍ ശീര്ഷകങ്ങളിലൊന്നാണ്' എന്ന് വാട്ടര്‍സ്റ്റോണ്‍സ് പറയുന്നു.
ഹാരി രാജകുമാരന്റെ കന്യകാത്വം നഷ്ടപ്പെട്ടതും വില്യം രാജകുമാരന് ശാരീരികമായി ആക്രമിച്ചതും, ചാള്‍സ് രാജകുമാരന് എന്നും സ്വന്തം താത്പര്യം മാത്രമേ നോക്കിയിട്ടുള്ളു എന്നത് വരെയുള്ള അതി സെന്‍സേഷണലായ ഉള്ളടക്കള്‍ പുസ്തക വില്പന കത്തിക്കയറാന്‍ ഇന്ധനമേകി. ആമസോണിന്റെ യുകെയിലെ ഏറ്റവും മികച്ച വില്‍പ്പനക്കാരില്‍ ഈ ഓര്‍മ്മക്കുറിപ്പ് ഇതിനകം തന്നെ ഒന്നാമതാണ്.
രാജകൊട്ടാരങ്ങള്ക്കുള്ളിലെ സംഘര്‍ഷങ്ങളും വ്യക്തിപരമായ സംഘര്‍ഷങ്ങളും വെളിപ്പെടുത്തുന്ന 410 പേജുകളുള്ള ഓര്‍മ്മക്കുറിപ്പ്, ഹാരി രാജകുമാരന്റെ വളര്‍ന്നുവന്ന സാഹചര്യവും പിന്നീട് രാജകുടുംബവുമായി അകന്നതിന്റെയും പതിപ്പ് കാണിക്കുന്നു. തന്റെ ജ്യേഷ്ഠനായ വില്ല്യം രാജകുമാരന് അവയവം പോലുള്ള ആവശ്യമായി വന്നാല്‍ ദാനം ചെയ്യാനായാണ് തന്നെ ജനിപ്പിച്ചതെന്ന് അറിഞ്ഞുകൊണ്ടായിരുന്നു തന്റെ വളര്‍ച്ചയെന്ന് 38-കാരനായ സസെക്സ് ഡ്യൂക്ക് തന്റെ പുസ്തകമായ സ്പെയറില്‍ വ്യക്തമാക്കി.
'വില്ലിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയിലാണ് എന്നെ ഈ ലോകത്തേക്ക് കൊണ്ടുവന്നത്', ഹാരി പറയുന്നു. മാതാപിതാക്കളും, ഗ്രാന്റ്പാരന്റ്സും താനും, ജ്യേഷ്ഠനും നില്ക്കുമ്പോള് പിന്തുടര്‍ച്ചാവകാശിയെന്ന അര്‍ത്ഥത്തില്‍ 'ഹെയറെന്നും', അത്യാവശ്യമെങ്കില്‍ ഉപയോഗിക്കുന്ന 'സ്പെയര്‍' എന്നും വിളിച്ചിരുന്നതായി ഹാരി വ്യക്തമാക്കുന്നു. ഹാരിയുടെ പുസ്തകത്തിന് സ്പെയര്‍ എന്നു പേരിടാനുള്ള കാരണവും ഇതാണെന്നാണ് വ്യക്തമാകുന്നത്. മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനും, വിനോദത്തിനും, ഏറ്റവും അത്യാവശ്യം വരുന്ന ഘട്ടത്തില്‍ കിഡ്നി പോലുള്ള അവയവങ്ങളോ, രക്തമോ, മജ്ജയോ ദാനം ചെയ്യാനുള്ള വ്യക്തിയായുമാണ് ഈ ജീവിതത്തിലെ തന്റെ ദൗത്യമെന്ന് ഹാരി വിശദമാക്കുന്നു.