വിസിമാര്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എട്ട് വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കും. നിയമനം ലഭിച്ചത് മുതല്‍ ഇതുവരെയുള്ള ശമ്പളം തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഗവര്‍ണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവ് ഇറക്കും.
അതേസമയം, കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വൈസ് ചാന്‍സലര്‍മാരില്‍ ആര്‍ക്കെങ്കിലും തന്നെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ താല്പര്യമുണ്ടെങ്കില് ഏഴിനു മുന്‍പ് അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിസി നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണം എന്നാണ് ഗവര്‍ണര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമേയാണ് ഹിയറിങ് ആവശ്യമുള്ളവര്‍ അറിയിക്കണമെന്ന് വിസിമാരോട് രേഖാമൂലം ആവശ്യപ്പെട്ടത്.
സാങ്കേതിക സര്‍വകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ സുപ്രീം കോടതി അയോഗ്യ ആക്കിയ സാഹചര്യത്തില്‍ അവര്‍ക്ക് രാജ്ഭവന് ആദ്യം അയച്ച കാരണംകാണിക്കല്‍ നോട്ടിസ് പിന്‍വലിച്ചു. സുപ്രീം കോടതി പുറത്താക്കിയ വിസിക്ക് ഗവര്‍ണര്‍ നോട്ടിസ് നല്‍കുന്നത് അവര്‍ക്ക് നിയമപരമായി അനുകൂലമാകും എന്നതിനാലാണ് ഇതു പിന്‍വലിച്ചത്. ഹിയറിങ് വേണമെങ്കില്‍ അറിയിക്കണം എന്ന കത്തും രാജശ്രീക്ക് അയച്ചിട്ടില്ല.