തിരുവനന്തപുരം കുറവന്‍കോണത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി അറസ്റ്റില്‍. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. പേരൂര്‍ക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സന്തോഷ് തന്നെയാണോ മ്യൂസിയം വളപ്പില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എന്ന സംശയം ബലപ്പെടുന്നു. ആളെ തിരിച്ചറിയാനായി പരാതിക്കാരിയായ യുവതിയോട് പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദേശം നല്കി. ഇന്ന് രാവിലെ 10 മണിക്ക് മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം.അതേസമയം മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇയാള്‍ തന്നെയാണ് അതിക്രമം കാണിച്ചതെന്ന് സംശയമുണ്ടെന്ന് പരാതിക്കാരിയായ യുവതിയും പറയുന്നു.
ഇതിനിടെ സന്തോഷിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു. താല്കാലിക ജീവനക്കാരനായിരുന്ന ഇയാളെ പുറത്താക്കാന്‍ മറ്റ് തടസങ്ങളില്ലെന്നും ഓഫീസ് വിശദീകരിക്കുന്നു .
ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആണ് മലയിന്‍കീഴ് സ്വദേശിയായ സന്തോഷ്.വാട്ടര്‍ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.