പാറശാലയില്‍ ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തു. അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരെയൊണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചൊവ്വാഴ്ച പോലീസ് തെളിവെടുപ്പിന് എത്തിക്കും. കഷായം നല്കിയ കുപ്പി ഉള്‍പ്പെടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നായിരുന്നു അമ്മ സിന്ധുവിന്റെയും അമ്മാവന് നിര്‍മല്‍ കുമാറിന്റെയും മൊഴി. ഇത് ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അതിനിടെ ഗ്രീഷ്മയ്ക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുത്തു. നെടുമങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍വച്ച് ശുചിമുറിയിലെ അണുനാശിനി കഴിച്ച് ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നില ഇപ്പോള്‍ തൃപ്തികരമാണ്.
സംഭവത്തില്‍ രണ്ട് വനിതാ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കിയ ശുചിമുറി ഇവിടെ ഉണ്ടായിരിക്കെ സ്റ്റേഷനു പുറത്തുള്ള ശുചിമുറിയിലാണ് പ്രതിയെ കൊണ്ടുപോയത്. സംഭവത്തില്‍ പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നു എസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു.