ഓസ്ട്രേലിയയിലെ മൂന്നാമത്തെ വലിയ രാജ്യമായ ബ്രിസ്ബേനില്‍ കോവിഡ് ഡെല്‍റ്റ വകഭേദം മൂലം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ചയോടെയാണ് ബ്രിസ്ബേനില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ലക്ഷകണക്കിന് ആളുകളാണ് നഗരത്തില്‍ നിയന്ത്രണങ്ങളില്‍ കഴിയുന്നത്. മൂന്ന് ദിവസത്തേക്കാണ് തല്കാലത്തേക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ഒരേ ക്ലസ്റ്ററില്‍ ആറ് കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലുമായി ആണ് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് ഡെല്‍റ്റ വകഭേദം മൂലമുള്ള രോഗബാധ രൂക്ഷമാകുന്നതിനെ തുടര്‍ന്ന് സിഡ്നിയില്‍ ലോക്ഡൗണ്‍ നാല് ആഴ്ചകളിലേക്ക് കൂടി നീട്ടിയിരുന്നു. ബുധനാഴ്ച ഇതുവരെയുള്ളതില്‍ ഉയര്‍ന്ന കോവിഡ് കണക്കാണ് സിഡ്നിയില്‍ രേഖപ്പെടുത്തിയത്. നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗബാധയില്‍ കുറവ് വരാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഓഗസ്റ്റ് 28 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന് പറഞ്ഞു. 12 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26 നാണ് സിഡ്നിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രോഗബാധ വന്‍ തോതില്‍ പടരുകയായിരുന്നു.
കോവിഡ് രോഗബാധയുടെ തോത് കുറഞ്ഞതോടെ മെല്‍ബണ്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നു. ഡെല്‍റ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധ പിടിച്ച് നിര്‍ത്താന്‍ ആയതിനെ തുടര്‍ന്നാണ് തീരുമാനം എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മെല്‍ബണ്‍.