ഇന്ത്യയിലെ യുഎസ് അംബാസഡറായി ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റിയെ നാമനിര്‍ദേശം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഗാര്‍സെറ്റി(50) കെന്നത്ത് ജസ്റ്ററിന് പകരമായി ഇന്ത്യയിലെത്തും. ഇദ്ദേഹത്തിനൊപ്പം മൊണോക്കയിലേക്ക് ഡെനിസ് കാമ്പെല്‍ ബാവറിനേയും ബംഗ്ലാദേശിലേക്ക് പീറ്റര്‍ ഡി ഹാസിനേയും ചിലിയിലേക്ക് ബെര്‍ണാഡെറ്റ് എം മീഹാനേയും സ്ഥാനപതികളായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
ജസ്റ്ററിനെ കൗണ്‍സില്‍ ഓണ്‍ ഫോറിന് റിലേഷന്‍സില്‍ വിശിഷ്ട അംഗമായി ഈ ആഴ്ച ആദ്യം നിയമിച്ചിരുന്നു. 2013 മുതല്‍ ലോസ് ആഞ്ചലിസ് നഗരത്തിന്റെ മേയറായ എറിക് 12 വര്‍ഷത്തോളം കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ ആറ് വര്‍ഷത്തോളം കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു.
40 യുഎസ് മേയര്‍മാരെ കൂട്ടുപിടിച്ച് പാരീസ് കാലാവസ്ഥാ ഉടമ്പടി നടപ്പാക്കണമെന്ന് ഗാര്‍സെറ്റി ആവശ്യപ്പെട്ടിരുന്നു. 97 നഗരങ്ങള്‍ ചേര്‍ന്ന സി40 സിറ്റീസിന്റെ ചെയര്‍മാനാണ് നിലവില്‍ അദ്ദേഹം.