പാലക്കാട് തൃത്താല കറുകപ്പുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നല്കി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നായിരുന്നു പാരാതി. സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ അമ്മ പരാതി നല്കി.
പോലീസ് ഇടപെടല്‍ വൈകി എന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കുകയായിരുന്നു. മുഹമ്മദ് എന്ന ഉണ്ണി, നൗഫല്‍ എന്ന പുലി, മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീവ് എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരുന്നു.
നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയും വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടതായുമാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും മാരക മയക്കുമരുന്ന് നല്കിയ സാഹചര്യവുമാണ് പൊലീസിനെ ഇത്തരം ഒരു നിഗമനത്തിലേക്ക് നയിക്കുന്നത്. അതിനിടെ പ്രതികളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഭിലാഷ്, നൗഫല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തയിട്ടില്ല. അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. പ്രതികളുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയിലും ഇത് സംബന്ധിച്ച സൂചനയുണ്ട് എന്നാണ് പൊലീസ് പറയുന്നത്.