കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. പുതിയ 43 മന്ത്രിമാര്‍ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആരോഗ്യമന്ത്രി ഹര്ഷവര്ധന് ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
സ്മൃതി ഇറാനി, ദേവശ്രീ ചൗധരി, രമേഷ് പൊഖ്രിയാല്‍ എന്നിവരാണ് പുറത്താകുന്ന മന്ത്രിമാരില്‍ പ്രമുഖര്‍ എന്നാണ് സൂചന. ശാരീരിക ബുദ്ധിമുട്ട് മൂലമാണ് പൊഖ്രിയാലിനെ ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്മൃതി ഇറാനിക്ക് യു.പിയുടെ ചുമതല നല്‍കിയേക്കും. നിര്‍മല സീതാരാമന് ധനവകുപ്പില്‍ തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അവരെ മറ്റൊരു വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റുമെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്കിക്കൊണ്ടും വമ്ബന്മാറ്റങ്ങള് വരുത്തിയുമാണ് പുനഃസംഘടന.
ജ്യോതിരാദിത്യ സിന്ധ്യ,സര്‍ബാനന്ദ സോനാവാള്‍, മീനാക്ഷി ലേഖി ,എന്നിവര്‍ കേന്ദ്രമന്ത്രിമാരാകും. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. സിന്ധ്യയ്ക്ക് വാണിജ്യം, ടെലികോം വകുപ്പുകള്‍ നല്‍കാനാണ് സാധ്യത. അനുരാഗ് ഠാക്കൂര്‍, ജി കിഷന് റെഡി എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി ലഭിക്കാനും സാധ്യത നിലനില്ക്കുന്നു.
പുതിയ മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതി ഭവന് കൈമാറി. ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച പുരോഗമിക്കുകയാണ്.