ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ (98)അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. ജൂണ്‍ 30നാണ് ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടി സൈറ ബാനുവാണ് ഭാര്യ. ജൂണില്‍ തന്നെ രണ്ട് തവണയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ ആറിനായിരുന്നു ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ജൂണ്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂണ്‍ മുപ്പതിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആറു പതിറ്റാണ്ട് ബോളിവുഡില്‍ നിറഞ്ഞു നിന്ന ദിലീപ് കുമാര്‍ 62 സിനിമകളില്‍ അഭിനയിച്ചു. 1944 ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭട്ടയാണ് ആദ്യ സിനിമ. 1998 ലിറങ്ങിയ കിലയാണ് അവസാന ചിത്രം. ദേവ്ദാസ്, മുഗള്‍ അസം, നായ ദൗര്, രാം ഓര് ശ്യാം, അന്താസ്, മധുമതി, ഗംഗ ജമുന എന്നിവ ഇദ്ദേഹം അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാര്‍. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന് എന്ന റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. പത്മഭൂഷണും ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
ദിലീപ് കുമാര്‍ ഇന്ത്യയുടെ ഹൃദയത്തില്‍ എന്നെന്നും ജീവിക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു.ദിലീപ് കുമാറിന്റെ ഭാര്യ സൈറ ബാനുവിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖത്തില്‍ പങ്കുചേര്‍ന്നു. നിരുപമമായ പ്രതിഭകൊണ്ട് തലമുറകളെ സ്വാധീനിച്ച മഹാനടനാണ് വിടവാങ്ങിയതെന്ന് അദ്ദേഹം അനുശോചിച്ചു.
അതുല്യസംഭാവനകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ മഹാനാണ് ദിലീപ് കുമാറെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.സിനിമാ താരങ്ങളായ ആമീര്‍ ഖാന്, സല്മാന് ഖാന്, അജയ് ദേവ്ഗണ് തുടങ്ങി നിരവധി പ്രമുഖര്‍ ദിലീപ് കുമാറിന് ആദരാജ്ഞലി അര്‍പ്പിച്ചു.
സിനിമ കഥയെ വെല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1922ല്‍ പാകിസ്ഥാനിലെ പെഷാവറില്‍ ജനിച്ച യൂസഫ് ഖാനാണ് പില്ക്കാലത്ത് ഇന്ത്യക്കാരുടെ സ്വന്തം ദിലീപ് കുമാറായത്.താര രാജ്ഞി ദേവികാറാണിയെ കണ്ടുമുട്ടിയതായിരുന്നു ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായത്. ബോംബെ ടാക്കീസ് സിനിമ കമ്പനിയുടെ ഉടമ കൂടിയായ ദേവികാ റാണി ദിലീപ് കുമാറിന മാനേജരായി നിയമിച്ചു. പിന്നീട് അഭിനേതാവുമായി. തൊട്ടടുത്ത വര്‍ഷമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജ്വാര്‍ ഭട്ട റിലീസ് ചെയ്യുന്നത്.
ആദ്യ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങള്‍ അദ്ദേഹത്തെ ബോളിവുഡ് ഇതിഹാസമാക്കി. അക്കാലത്തെ ബോളിവുഡ് നായകരില്‍ ഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാര്‍ വേറിട്ടുനിന്നു. ദേവ്ദാസ്, ആന്ദാസ്, മുഗള്‍ ഇ അസം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ 'ട്രാജഡി കിംഗ്' അല്ലെങ്കില്‍ 'വിഷാദ നായകന്' എന്ന പേരും ആരാധകര്‍ ചാര്‍ത്തിക്കൊടുത്തു.