ഗാസിയാബാദിലെ ലോണിയില്‍ മുസ്ലിം വയോധികനെ മര്‍ദിക്കുന്ന വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍, അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്കിയാല് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. യു.പി പൊലീസ് തന്നെ അറസ്റ്റ് ചെയ്യില്ലെന്ന സബ്മിഷന് കോടതിയില്‍ രേഖപ്പെടുത്തിയാല്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവാമെന്ന് ട്വിറ്റര്‍ എം.ഡിക്കുവേണ്ടി ഹാജരായ അഭിഭാഷകന് സി.വി. നാഗേഷ് കോടതിയെ അറിയിച്ചു.
'താനൊരു ജീവനക്കാരന് മാത്രമാണ്, ആളുകള്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ തനിക്ക് നിയന്ത്രണമില്ല മനീഷ് കോടതിയെ അറിയിച്ചു. കേസ് നാളെ വൈകുന്നേരത്തേക്ക് പരിഗണിക്കാന്‍ മാറ്റി. കേസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെതിരെ മനീഷ് മഹേശ്വരി നല്കിയ റിട്ട് ഹര്‍ജിയിലാണ് നടപടികള്‍. നേരത്തെ മനീഷ് മഹേശ്വരിയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ യു.പി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
താന്‍ ജീവനക്കാരന് മാത്രമാണെന്നും കമ്ബനിയുടെ പ്രതിനിധിയായി പൊലീസിന് തന്റെ പേര് ഉള്‍പ്പെടുത്താനാവില്ലെന്നും ഡയറക്ടര്‍മാര്‍ മറ്റു പലരുമാണെന്നും അദ്ദേഹം വാദിച്ചു. ട്വിറ്റര്‍ ഇന്ത്യയുടെ മേധാവി മനീഷ് മഹേശ്വരിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടതിനാലാണ് ഐ.ടി നിയമത്തിലെ 41 എ വകുപ്പ് പ്രകാരം അദ്ദേഹത്തിന് നോട്ടീസ് അയച്ചതെന്നായിരുന്നു യു.പി പൊലീസിന്റെ വിശദീകരണം.
ട്വിറ്ററില്‍നിന്നുള്ള സഹകരണമാണ് തങ്ങള്‍ തേടുന്നത്. ട്വിറ്ററിന് രാജ്യത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. ദശലക്ഷങ്ങള്‍ ഫോളോവര്‍മാരായുള്ള വിദേശ കമ്ബനിക്ക് ഒരു മേധാവി ഇല്ലാതിരിക്കില്ല. അവര്‍ തങ്ങളോട് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്നും യു.പി പൊലീസ് വാദിച്ചു. നേരത്തെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാവാമെന്ന് മനീഷ് മഹേശ്വരി അറിയിച്ചിരുന്നെങ്കിലും യു.പി പൊലീസ് അനുവാദം നല്‍കാതിരുന്നതോടെയാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.