75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഇമ്മാനുവല്‍ മാക്രോണ്‍ ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്സ് സംഘടിപ്പിക്കാനുള്ള ശ്രമത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു. ജനുവരി 19 ന് ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യുന്ന സമയത്ത് 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഈ കാര്യങ്ങള്‍ പറയുന്നത്.
ഇന്ത്യയുമായി കായിക രംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതായും മാക്രോണ്‍ പറഞ്ഞു. അത്ലറ്റുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പരിചയം നല്‍കുന്നതിനും കായിക താരങ്ങളുടെ എല്ലാ തലങ്ങളിലുമുള്ള വളര്‍ച്ചയ്ക്കുമായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി നടത്തിയ ശ്രമങ്ങള്‍ അടിവരയിട്ട് അന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.
2020-21 ടോക്കിയോ ഒളിമ്പിക്സിലും ഏഷ്യന്‍ ഗെയിംസിലും പാരാ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതും പ്രധാനമന്ത്രി എടുത്ത് പറഞ്ഞിരുന്നു. 2024 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന നടക്കുന്ന ഒളിമ്പിക്സിന് ഫ്രാന്‍സ് ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 8 വരെ പാരീസില്‍ പാരാലിമ്പിക്സ് ഒളിമ്പിക്സും ആരംഭിക്കും.