നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ലൂസി ലെറ്റ്ബി വീണ്ടും വിചാരണ നേരിടണമെന്ന് കോടതി. 2016 ഫെബ്രുവരിയില്‍ ഒരു പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ലൂസി ലെറ്റ്ബിയെ പ്രോസിക്യൂഷന് വീണ്ടും വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍ നിക്ക് ജോണ്സണ് കെസി തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് 2024 ജൂണ്‍ 10-ന് ഒരു താല്‍ക്കാലിക വിചാരണ തീയതി കോടതി നിശ്ചയിച്ചത്.
വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും ആറ് കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചതിനുമാണ് 33 കാരിയായ ലൂസിയെ കോടതി ഓഗസ്റ്റില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ മൂന്ന് നവജാത ശിശുക്കളും രണ്ട് ആണ്‍കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ആറ് കൊലപാതകശ്രമങ്ങളില്‍ വിധിയെഴുതാന്‍ ജൂറിക്ക് കഴിഞ്ഞിരുന്നില്ല. ഒരു കുഞ്ഞിനെ രണ്ടുതവണ കൊല്ലാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ആരോപണം.
2016 ഫെബ്രുവരിയില്‍ ബേബി കെ എന്നറിയപ്പെടുന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ലെറ്റ്ബി ശ്രമിച്ചുവെന്ന, കുറ്റങ്ങളിലൊന്നില് പുനരന്വേഷണം തേടുകയാണെന്ന് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് (സിപിഎസ്) പറഞ്ഞു. എന്നാല്‍ രണ്ട് പെണ്കുഞ്ഞുങ്ങളും രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെട്ട മറ്റ് അഞ്ച് ആരോപണങ്ങളില്‍ പുനരന്വേഷണം നടത്തുന്നില്ലെന്ന് പ്രോസിക്യൂട്ട് ചെയ്യുന്ന നിക്കോളാസ് ജോണ്സണ് കെസി സ്ഥിരീകരിച്ചു.
ഹെയര്‍ഫോര്‍ഡില്‍ നിന്നുള്ള മുന്‍ നവജാത നഴ്സ്, വെസ്റ്റ് യോര്‍ക്ക്ഷെയറിലെ വേക്ക്ഫീല്‍ഡിലെ എച്ച്എംപി ന്യൂ ഹാളിലെ ഒരു കോണ്‍ഫറന്‍സ് റൂമില്‍ നിന്ന് വീഡിയോലിങ്ക് വഴി ഒരു മണിക്കൂര്‍ നീണ്ട ഹിയറിംഗില്‍ പങ്കെടുത്തു. രണ്ട് കൊലപാതക ആരോപണങ്ങളില്‍ നിന്ന് കുറ്റവിമുക്തയായ ലെറ്റ്ബി, തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളിലും തന്റെ നിരപരാധിത്വം നിലനിര്‍ത്തിയെന്ന് അവളുടെ ബാരിസ്റ്റര്‍ കോടതിയില്‍ പറഞ്ഞു.
തന്റെ ശിക്ഷയ്ക്കെതിരെ ലെറ്റ്ബി ഈ മാസം ആദ്യം അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പുനരന്വേഷണം വേണമോ എന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ 'അങ്ങേയറ്റം സങ്കീര്‍ണ്ണവും പ്രയാസകരവുമാണ്' എന്ന് ചീഫ് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ജോനാഥന് സ്റ്റോര്‍ പറഞ്ഞു. ''ഞങ്ങളുടെ നിഗമനങ്ങളില്‍ എത്തുന്നതിന് മുമ്പ്, ബാധിതരായ കുടുംബങ്ങളുടെയും പോലീസിന്റെയും പ്രോസിക്യൂഷന് അഭിഭാഷകരുടെയും അഭിപ്രായങ്ങള്‍ ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രദ്ധിച്ചു,'' അദ്ദേഹം പറഞ്ഞു.
കോടതികളില്‍ 'വലിയ ബാക്ക്ലോഗ് കേസുകള്‍' കാരണം പുതിയ വിചാരണയ്ക്ക് ലഭ്യമായ ആദ്യത്തെ തീയതി 2024 ജൂണ്‍ 10 ആണെന്ന് ജസ്റ്റിസ് ഗോസ് കെസി പറഞ്ഞു. എന്നിരുന്നാലും, ലൂസിയുടെ ആദ്യ വിചാരണയില്‍ നിന്നുള്ള ശിക്ഷാവിധികള്‍ക്കെതിരെ അപ്പീല്‍ നല്കാന് അവര്‍ക്ക് അനുമതി നല്‍കണമോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കുന്നതിന് മുമ്പ് ഒരു പുതിയ വിചാരണയും നടക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ കുറ്റത്തിനും ഒന്ന് എന്ന കണക്കില്‍ ഒന്നിലധികം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ലെറ്റ്ബി തന്റെ ജീവിതകാലം മുഴുവന്‍ ജയിലില്‍ ചെലവഴിക്കും. ഇതോടെ യുകെ ചരിത്രത്തില്‍ ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന നാലാമത്തെ വനിതയായി അവര്‍.