പലിശ നിരക്ക് തടഞ്ഞുനിര്‍ത്താനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തിന് ശേഷം ഹോം-ലോണ്‍ ചെലവ് ഉയര്‍ന്ന ശുഭാപ്തി വിശ്വാസത്തിനിടയില്‍ യുകെ ലെന്‍ഡര്‍മാര്‍ അടുത്തയാഴ്ച മറ്റൊരു റൗണ്ട് മോര്‍ട്ട്ഗേജ് നിരക്കിളവ് പ്രഖ്യാപിച്ചേക്കുമെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ബാങ്ക് പ്രഖ്യാപനത്തിന് ശേഷം മോര്‍ട്ട്ഗേജ് നിരക്ക് കുറയ്ക്കുന്ന ഒരേയൊരു വലിയ വായ്പാ ദാതാവ് നേഷന്വൈഡാണ്. ആഗസ്റ്റില്‍ യുകെ പണപ്പെരുപ്പത്തില്‍ അപ്രതീക്ഷിത ഇടിവുണ്ടായതായി ഔദ്യോഗിക ഡാറ്റ കാണിച്ചതിന് ശേഷം ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നാറ്റ്വെസ്റ്റ് നിരക്ക് ഇളവ് പ്ര്ഖ്യാപിച്ചിരുന്നു.
മോര്‍ട്ട്ഗേജ് ചെലവുകള്‍ മാസങ്ങളായി കുതിച്ചുയരുകയാണ്. എന്നാല്‍ ജൂലൈ രണ്ടാം പകുതി മുതല്‍ ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും പുതിയ ഡീലുകളുടെ നിരക്കുകള്‍ കുറയ്ക്കുകയാണ്. പല ബ്രോക്കര്‍മാരും പറയുന്നത്, കടം കൊടുക്കുന്നവര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിനാല്‍ പൂര്‍ണ്ണ തോതിലുള്ള മോര്‍ട്ട്ഗേജ് വിലയുദ്ധം നടക്കുന്നു എന്നാണ്.
ബ്രോക്കര്‍ സ്ഥാപനമായ ജോണ്‍ ചാര്‍ക്കോളിന്റെ നിക്ക് മെന്‍ഡസ് പറഞ്ഞത് വെള്ളിയാഴ്ച ചില നിശ്ചിത നിരക്കിലുള്ള ഉല്‍പ്പന്നങ്ങള്‍ 0.31 ശതമാനം വരെ കുറച്ച നേഷന്വൈഡാണ് പട്ടികയില്‍ ഒന്നാമന് എന്നാണ്. എന്നാല്‍ നേഷന്‍വൈഡിന്റെ ചുവടു പിടിച്ച് എച്ച്എസ്ബിസി, കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി എന്നിവയും നിരക്കുകല്‍ കുറച്ചേക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.