സീറ്റ് ബെല്‍റ്റ് വിവാദം ഋഷി സുനകിന്റെ പ്രധാനമന്ത്രി കസേര തെറുപ്പിക്കുമോ? ഋഷിക്കെതിരെ പാളയത്തില്‍ പട സജീവമാകുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സംഘടിതാക്രമണത്തിലൂടെ ഋഷിയെ പുറത്താക്കി ബോറിസ് ജോണ്‍സനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതിനാണ് എന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് സണ്‍ഡേ മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേയ് മാസത്തില്‍ നടക്കുന്ന തദ്ദേശ ഭരണ സ്ഥപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കൂടി അറിഞ്ഞ ശേഷം മാത്രമെ എതിര്‍ഭാഗം ആഞ്ഞടിക്കാന്‍ തുടങ്ങുകയുള്ളു എന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍, ടോറി പാര്‍ട്ടി സമ്മേളനം നടക്കാന്‍ ഇരിക്കുന്ന ഈ ശരത്ക്കാലത്ത് തന്നെ അത് സംഭവിച്ചേക്കാം എന്നും വിലയിരുത്തപ്പെടുന്നു.
ഇക്കാര്യത്തില്‍ ഋഷിക്കെതിരെ അവിശ്വാസം അവതരിപ്പിക്കാനുള്ള് അനുമതി തേടി 50 ഓളം എം പിമാരുടെ ഒപ്പോടുകൂടിയ കത്ത് സംഘടിപ്പിക്കുക ബോറിസ് ടീമിന്റെ ആദ്യ കടമ്പ്. രണ്ടാമത്തേത്, അത് വോട്ടിനിട്ടാല്‍ വിജയിപ്പിക്കാന്‍ ആവശ്യമായ വോട്ടുകള്‍ നേടിയെടുക്കുക എന്നതാണ്. മൂന്നാമത്തേത്, ടോറി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുക എന്നതാണ്.
ഇതില്‍ ആദ്യത്തേത് എളുപ്പമുള്ള ഒരു കാര്യമായി ബോറിസ് ക്യാമ്പ് കരുതുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന വോട്ടെടുപ്പില്‍ 200 ഓളം എം പിമാര്‍ ബോറിസിനൊപ്പം നിന്നിരുന്നു. അധികാരത്തില്‍ ഇരിക്കുമ്പോള്‍ അവിശ്വാസത്തെ അതിജീവിച്ചെങ്കിലും, പിന്നീട് രാജിവയ്ക്കാന്‍ ബോറിസ് നിര്‍ബന്ധിതനാകുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഒരു അനുയായി ചൂണ്ടിക്കാണിക്കുന്നു. അതുപോലെ ലിസ് ട്രസ്സിനെ പിന്തുണക്കുന്ന് ഒരു നൂറു എം പിമാരെങ്കിലും ഉണ്ട്. അതുകൊണ്ടു തന്നെ ആദ്യ കടമ്പ കടക്കുക അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് ബോറിസ് ക്യാമ്പ് വിശ്വസിക്കുന്നു. അതുപോലെ തന്നെ, മേല്‍ പറഞ്ഞ കണക്കുകള്‍ അവിശ്വാസ പ്രമേയം വോട്ടിനിട്ട് വിജയിപ്പിക്കാന്‍ മതിയാകും എന്നും അവര്‍ കണക്കുകൂട്ടുന്നു.
അടുത്തത് പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ട ഘട്ടത്തിലാണ് യഥാര്‍ത്ഥ പ്രശ്നം. സാധാരണ പ്രവര്‍ത്തകരില്‍ വലിയൊരു ഭാഗം ബോറിസിന്റെ കൂടെ തന്നെ നില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് കരുതുന്നത്. അങ്ങനെ സാഹചര്യങ്ങള്‍ പൊതുവെ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബോറിസ് ക്യാമ്പ് കരുതുന്നത്. അതേസമയം, ഇനിയുമൊരു അട്ടിമറി നടന്നാല്‍ അത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ തകര്‍ക്കും എന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം എം പിമാരുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളില്‍ നിന്നും ജയിച്ചു വന്ന എം പിമാരാണ് അവരില്‍ ഏറെയും. ഇനിയുമൊരു ഊഴം തങ്ങള്‍ക്ക് ലഭിച്ചേക്കില്ല എന്ന് ചിന്തിക്കുന്ന ഇക്കൂട്ടര്‍, മറ്റൊരു അട്ടിമറിയെ പിന്തുണച്ചേക്കില്ല. തന്നെയുമല്ല, ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും ഒരു സുസ്ഥിര ഭരണം കഴ്ച്ചവയ്ക്കന് പര്‍ട്ടി ശ്രമിക്കുന്നില്ലെന്ന പൊതുജനാഭിപ്രായം ഉയര്‍ന്ന് വന്നേക്കാം എന്ന ഭയവും ഋഷിയുടെ എതിരാളികള്‍ക്കുണ്ട്.
അതിനിടെ ബോറിസിന് തിരിച്ചടിയായി ബോറിസ് ജോണ്‍സണെ പാര്‍ലമെന്ററി കമ്മീഷണര്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡിന് ലേബര്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തതായി വിവരം പുറത്ത്. ബിബിസി ചെയര്മാന് റിച്ചാര്‍ഡ് ഷാര്പ്പിന് അനധികൃതമായി വായ്പക്ക് ഗ്യാരന്റീ നല്കാന് ശ്രമിച്ചു എന്നതിനെ തുടര്‍ന്നാണിത്. മറ്റ് പാര്‍ട്ടികള്‍ കൂടി വിഷയം ഏറ്റെടുത്തതോടെ പുതിയ വിവാദം കത്തി പടരുകയാണ്. സംഭവത്തെ കുറിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ലീസ് ഡോഡ്സ്, ഡാനിയല്‍ ഗ്രീന്‍ബെര്‍ഗ് സിബിക്ക് വീണ്ടും കത്തെഴുതുകയും എംപിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ അടിയന്തിരമായി ഗൗരവമായ സമീപനം ഈ വിഷയത്തില്‍ ഉണ്ടാകണമെന്നാണ് ആവശ്യം.