പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതിന് പിന്നാലെ ബിബിസിയ്ക്കെതിരെ പരാതി നല്കി സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്‍ഡാല്‍. രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ചാണ് വിനീത് ജിന്‍ഡാല്‍ ബിബിസിയ്ക്കെതിരെ പരാതി നല്‍കിയത്.
ജിന്‍ഡാലിന്റെ പരാതിയില്‍ ഐ.പി.സി. 121,153,153A &B, 295,298, 505 വകുപ്പകള്‍ പ്രകാരം ദല്‍ഹി പൊലീസ് കേസെടുത്തു. . രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തെ പ്രകോപിപ്പിക്കുകയാണ് ഡോക്യുമെന്ററിലിയിലൂടെ ബിബിസി ചെയ്തതെന്നും പരാതിക്കാരന് ആരോപിച്ചു.
അത്സേമയം, ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയെ തള്ളി പ്രധാനമന്ത്രി റിഷി സുനാക് രംഗത്തെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് രംഗത്തെത്തി. ഹിംസയോട് യോജിക്കാനാകില്ലെന്ന നിലപാട് യു.കെ. നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍മാറ്റമില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ വ്യക്തികളെ ചിത്രീകരിക്കുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും സുനക് പറഞ്ഞു.
2002ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടന് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നതായി ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ടെന്നും ഡോക്യുമെന്ററി അവകാശപ്പെടുന്നു. ഡോക്യുമെന്ററി പിന്നീട് യൂട്യൂബ് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന അന്വേഷണത്മക ഡോക്യുമെന്ററി പുറത്തുവിട്ടത്.
മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന അക്രമം നടത്താന്‍ സാഹചര്യമുണ്ടാക്കിയത് അന്നത്തെ ഭരണാധികാരിയായിരുന്നുവെന്ന ആക്ഷേപമാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്താണ് കലാപം ആസൂത്രിതം ചെയ്തതെന്നാണ് ബ്രിട്ടീഷ് അന്വേഷണ സംഘത്തിന്റെ വാദം. ഗുജറാത്ത് സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്ത അന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കില്‍ ഇത്രയും വലിയ ആക്രമം നടത്താന്‍ വിശ്വഹിന്ദു പരിഷത്തിന് കഴിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2002 ഫെബ്രുവരി 27ന് അന്നത്തെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതായും, ആക്രമികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും ഡോക്യുമെന്ററിയില്‍ പറയുന്നു.