രാജിപ്രഖ്യാപിച്ച ജസിന്‍ഡ ആര്‍ഡേണിന് പകരം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തര മന്ത്രി ക്രിസ് ഹിപ്കിന്‍സിന്റെ പേര് നിര്‍ദേശിക്കാനൊരുങ്ങി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി. ഞായറാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഹിപ്കിന്‍സിനെ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക നാമനിര്‍ദേശം ക്രിസ് ഹിപ്കിന്‍സ് മാത്രമായിരുന്നു
ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി വിപ് ഡങ്കന്‍ വെബ് പ്രസ്താവനയില്‍ അറിയിച്ചു. രാജി പ്രഖ്യാപിച്ച ജസീന്ത ആര്ഡന് ഔദ്യോഗികമായി സ്ഥാനമൊഴിയുന്നതോടെ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്റിന്റെ പുതിയ പ്രധാനമന്ത്രിയാകും. വ്യാഴാഴ്ചയായിരുന്നു ജസീന്തയുടെ രാജിപ്രഖ്യാപനം.
സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ജസിന്‍ഡ ആര്‍ഡേന്റെ മന്ത്രിസഭയിലെ പ്രമുഖ അംഗവും പാര്‍ലമെന്ററി പാര്‍ട്ടി തലവനുമാണ് ഹിപ്കിന്‍സ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന പ്രത്യേക വകുപ്പിന്റെ ചുമതല 2020 നവംബറില്‍ ഏറ്റെടുത്ത ഹിപ്കിന്‍സ് നിലവില്‍ വിദ്യാഭ്യാസ, പൊതുഭരണ വകുപ്പുകളും കൈകാര്യം ചെയ്യുന്നുണ്ട്. ലേബര്‍ പാര്‍ട്ടി അംഗം മൈക്കല്‍ വുഡ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ക്രിസിന്റെ പേര് മാത്രമാണ് അവസാനം മുന്നിലേക്കെത്തിയത്.
തങ്ങള്‍ ശക്തമായ ടീമാണെന്ന് വിശ്വസിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്രിസ് പറഞ്ഞു. ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലന്‍ഡിലെ ജനങ്ങളുടെ സേവനത്തില്‍ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും ക്രിസ് പ്രതികരിച്ചു.ഫെബ്രുവരി ഏഴിനാണ് ജസിന്‍ഡ സ്ഥാനമൊഴിയുന്നത്, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജസിന്‍ഡ സ്വീകരിച്ച കര്‍ക്കശ നടപടികള്‍ അവരുടെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായെന്ന വിലയിരുത്തലുണ്ടായിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കേണ്ടതായിരുന്നുവെന്ന് ക്രിസ് ഹിപ്കിന്‍സ് അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
'ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം നമ്മള് പ്രവര്‍ത്തിക്കും. അതിന് ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഈ പദവി എന്താണ് എന്ന് എനിക്ക് നന്നായി അറിയാം. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും അല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടായിരിക്കണം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല.' സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജസിന്‍ഡ പറഞ്ഞു. ആറു വര്‍ഷത്തെ കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നു പോയതിന്റെ പരിക്കുകള്‍ ഏറ്റത് തനിക്കാണെന്ന് ജസീന്ത പറയുന്നു. അതേസമയം ഒക്ടോബര്‍ 14 ന് നടക്കാന്‍ ഇരിക്കുന്ന അടുത്ത തെര്ഞ്ഞെടുപ്പില് ജസിന്തയുടെ ലേബര്‍ പാര്‍ട്ടിക്ക് വലിയ പ്രതീക്ഷയില്ലെന്ന് റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.