പിണങ്ങിപ്പോയ ഭാര്യയെ പലതവണ വിളിച്ചിട്ടും തിരികെ വരാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചതിനു പിന്നാലെ ഭാര്യ ആസിഡ് കഴിച്ച് ജീവനൊടുക്കി. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി രാജേഷ് ഭവനില്‍ രാജേഷ്(38), ഭാര്യ അപര്‍ണ (26) എന്നിവരാണ് മരിച്ചത്. സ്വര്‍ണം പണയം വച്ചതിനെച്ചൊല്ലിയാണ് അപര്‍ണ സ്വന്തം വീട്ടിലേക്കു പിണങ്ങിപ്പോയത്. മൂന്നര വയസുള്ള ദക്ഷിണയാണ് ഏകമകള്‍. വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലമേയുള്ളു. ഇരുവരും മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച വിവരം ഇന്നലെ രാവിലെ അറിഞ്ഞ അപര്‍ണ്ണ സ്വന്തം വീട്ടിലാണ് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്.
രാജേഷും ഭാര്യ അപര്‍ണ്ണയും തമ്മില്‍ ഒരാഴ്ചയായി പിണക്കത്തിലായിരുന്നു. ഇതോടെ അപര്‍ണ്ണ തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് പോയി. ശനിയാഴ്ച വൈകിട്ട് അപര്‍ണയുടെ ബന്ധുക്കള്‍ രാജേഷിനോട് സംസാരിച്ച് പ്രശ്നം രമ്യതയിലാക്കി. തുടര്‍ന്ന് പിണക്കം മാറിയ രാജേഷ് രാത്രിയോടെ അപര്‍ണ്ണയെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപര്‍ണ വീണ്ടും സൗന്ദര്യ പിണക്കം കാട്ടി, ഇതോടെ രാജേഷ് കിടപ്പുമുറിയില്‍ തൂങ്ങിയെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ സുഹൃത്തുക്കള്‍ രാജേഷിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാത്തതോടെ ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി നില്ക്കുന്ന നിലയില്‍ രാജേഷിനെ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. രാജേഷ് തൂങ്ങി മരിച്ച വിവരം അറിഞ്ഞതോടെ അപര്‍ണ ഉടന്‍ വീട്ടിലുണ്ടായിരുന്ന ആസിഡും കുടിച്ചു.
കാലില്‍ പൊട്ടലിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ടിരിക്കുന്ന അപര്‍ണ്ണയുടെ അമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളികേട്ടെത്തിയ പരിസരവാസികള്‍ ഉടന്‍ അപര്‍ണയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിത്തിച്ചു. അവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അപര്‍ണ മരിച്ചു.
രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം മാത്രമാണുള്ളത്. മോഹനന് - ലീലാഭായി ദമ്പതികളുടെ മകനാണ് രാജേഷ്. ഹരീഷാണ് സഹോദരന്. പരുത്തിക്കുഴി ശോഭാവിലാസത്തില് വിജയനും ശോഭലതയുമാണ് അപര്‍ണയുടെ മാതാപിതാക്കള്‍. ലിജയാണ് സഹോദരി. വലിയമല പൊലീസ് കേസെടുത്തു. ഇരുവരുടെയും സംസ്ക്കാരം ഇന്ന് നടക്കും.