സ്ത്രീയാത്രക്കാര്ക്കുനേരെ തുറിച്ചുനോക്കുന്നവരെ പോലീസിലേല്പ്പിക്കുന്നതടക്കം സ്ത്രീയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍ മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്തു. ബസില്‍ യാത്രചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പോലീസില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്നത് കണ്ടക്ടറുടെ ചുമതലയാണെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. ശാരീരികസ്പര്‍ശനത്തിനു പുറമേ, അശ്ലീലച്ചുവയോടെയുള്ള സംസാരം, നോട്ടം, കണ്ണിറുക്കല്‍, ചൂളമടി ഇവയും കുറ്റമാണ്.
അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും നിയമവിരുദ്ധമാണ്. മുന്നറിയിപ്പു നല്‍കിയിട്ടും ഇത്തരം പ്രവൃത്തികള്‍ തുടരുന്നവര്‍ക്കെതിരേയാണ് നടപടിയെടുക്കുക. ബസില്‍ ഇറങ്ങുമ്പോഴും കയറുമ്പോഴും സഹായിക്കാനെന്ന ഭാവേന സ്ത്രീയാത്രക്കാരുടെ ദേഹത്ത് സ്പര്‍ശിക്കുന്ന കണ്ടക്ടര്‍മാര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് 1989-ലെ മോട്ടോര്‍വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീയാത്രക്കാരോട് കണ്ടക്ടര്‍മാര്‍ അനാവശ്യചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല. യാത്രക്കാര്‍ക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം ബസില്‍ സൂക്ഷിക്കണം. ആവശ്യംവരുമ്പോള്‍ ഇത് പോലീസിനോ മോട്ടോര്‍വാഹനവകുപ്പിനോ പരിശോധനയ്ക്ക് നല്‍കണം.