അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയുടേതാണ് ഉത്തരവ്. ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി.
കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കി. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു
പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാറാം തിയതി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു.
ഇതുവരെയുള്ള വിസ്താരത്തില്‍ 13 സാക്ഷികള്‍ കൂറുമാറിയിരുന്നു. രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. അതേസമയം മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിഫാന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഓഗസ്റ്റ് ഒമ്പതിനാണ് ഷിഫാന് അറസ്റ്റിലായത്.