മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്. ഫര്സീന് സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പ ചുമത്തുന്നതിനായി പൊലീസ് കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടി
ഫര്സീന് മജീദിനെതിരെയുള്ള കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിച്ച് കണ്ണൂര്‍ ജില്ലയില്‍ നിന്ന് എത്രയും വേഗം നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും 2018 മുതല്‍ ഫര്‍സീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ കളക്ടര്‍ പരിഗണിക്കുകയും അന്തിമ അംഗീകാരം നല്‍കുന്നതിനുള്ള സമിതിക്ക് അയക്കുകയും വേണം. ശേഷം ഫര്സീന് നേരിട്ടോ അഭിഭാഷകന് മുഖേനയോ തന്റെ വാദങ്ങള്‍ സമിതിയ്ക്ക് മുന്നില്‍ പറയാനുള്ള അവസരമുണ്ടാകും. കാപ്പ ചുമത്തുന്നതിനുള്ള നോട്ടീസ് ഫര്സീന് നല്‍കിക്കഴിഞ്ഞു.
അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഡിഐജിയുടെ മുന്പില് ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചതായും ഫര്സീന് പറഞ്ഞു. കാപ്പ ചുമത്താനുളള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഫര്സീന് പറഞ്ഞു.
മൂന്ന് വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളെങ്കിലും ചെയ്ത ആളാണെങ്കില്‍ മാത്രമേ കാപ്പ ചുമത്താന്‍ പാടുള്ളു എന്നാണ് നിയമം. ഫര്ഹാന് മജീദിനെതിരെ വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയത് കൂടാതെ അന്യായമായി സംഘം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്.