പതിവായി നിയമ ലംഘനങ്ങല്‍ നടത്തുകയും പൊലീസിനെ വെല്ലുവിളിച്ച് റോഡിന് നടുവില്‍ ഇരുന്ന് മദ്യപിക്കുകയും ചെയ്ത സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ബോബി കഠാരിയക്കെതിരെ കേസ്. ഐപിസിയിലെയും ഐടി നിയമത്തിലേയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ഒരു പ്രധാന റോഡിന് നടുവില്‍ കസേരയിട്ട് ഇരുന്നായിരുന്നു ബോബിയുടെ ഷോ. പരസ്യ മദ്യപാന പ്രകടനം കൂടാതെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.
ഹരിയാന ഗുരുഗ്രാം സ്വദേശിയായ ബോബി കഠാരിയക്ക് ഇന്‍സ്റ്റഗ്രാമില്‍ 6.30 ലക്ഷം ഫോളോവര്‍മാരുണ്ട്. ബോബിക്കെതിരെ ജില്ലാ കോടതിയില്‍ നിന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇയാള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും എസ്എച്ച്ഒ രാജേന്ദ്ര സിങ് റാവത്ത് പറഞ്ഞു.ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ബോബി കറ്റാരിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വേരിഫൈഡ് ആണ്.
ഇയാളെ പിടികൂടാനായി പൊലീസ് സംഘങ്ങള്‍ ഹരിയാനയുള്‍പ്പെടെ വിവിധ ഇടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലിരുന്ന് പുക വലിച്ച് ഇയാള്‍ വിവാദത്തിലായിരുന്നു. അപകടകരമാം വിധത്തില്‍ വിമാനത്തിലെ സീറ്റില്‍ കിടന്ന് സിഗരറ്റ്, ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയും തുടര്‍ന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. പുകവലി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാല്‍, ഷൂട്ടിങ്ങിനായി തയാറാക്കിയ ഡമ്മി വിമാനത്തില്‍ വെച്ചാണ് സിഗരറ്റ് വലിച്ചതെന്നാണ് കറ്റാരിയയുടെ വിശദീകരണം. അതേസമയം, 2022 ജനുവരി 20ന് ദുബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എസ്ജി 706 വിമാനത്തില്‍ യാത്രക്കാര്‍ കയറുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന് പിന്നാലെ ഫെബ്രുവരിയില്‍ കറ്റാരിയക്ക് 15 ദിവസത്തെ സ്പൈസ് ജെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.