പനിബാധിതര്‍ക്ക് നല്കുന്ന ഡോളോ--650 ഗുളികയുടെ നിര്‍മാതാക്കള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് 1000 കോടിയുടെ സൗജന്യങ്ങള്‍. മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ സംഘടനയാണ് ഇക്കാര്യം സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഫെഡറേഷന് ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ അഭിഭാഷകന് സുപ്രീംകോടതിയെ അറിയിച്ചു.
ഈ ആരോപണത്തെക്കുറിച്ച് പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഫെഡറേഷന് ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷന് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് സഞ്ജയ് പരേഖ് ആണ് സുപ്രീം കോടതിയില്‍ ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഈ കേള്‍ക്കുന്നത് തന്റെ കാതുകള്‍ക്ക് സംഗീതമല്ലെന്ന് ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് ബാധിതനായി ചികത്സയില്‍ കഴിയുന്ന വേളയില്‍ തനിക്കും നല്‍കിയിരുന്നത് ഡോളോ 650 ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗൗരവമേറിയ ഈ വിഷയത്തില്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നാടാരാജിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മരുന്നുകള്‍ക്ക് പ്രചാരണം നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്കും മറ്റും ഫര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ സൗജന്യങ്ങള്‍ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.