ദമാം : സൗദിയില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണം. നിയന്ത്രണങ്ങള്‍ കച്ചവടക്കാരെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് ദമാം നഗരസഭ. ഈസ്റ്റ് ദമാം മുനിസിപ്പാലിറ്റി തങ്ങളുടെ എക്സ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്ററിലാണ് ബഖാലകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള നിബന്ധനകള്‍ വിശദീകരിച്ചിരിക്കുന്നത്.
18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പുകയിലയുല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്ന് നിബന്ധനയില്‍ പ്രത്യേകം പറയുന്നുണ്ട്. ബഖാലകളിലോ വാണിജ്യ കേന്ദ്രങ്ങളിലോ പുകയിലയുല്‍പന്നങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.
ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെത്തുന്ന ഉപഭോക്താക്കള്‍ കാണുന്ന തരത്തില്‍ പുകയിലയുല്‍പന്നങ്ങള്‍ വില്‍പനക്കു വെക്കാന്‍ പാടില്ല. (നൂറു ശതമാനവും ഉപഭോക്താക്കള്‍ കാണാത്ത തരത്തിലുള്ള പ്രത്യേക ബോക്സുകളിലായിരിക്കണം അവ വെക്കേണ്ടത്.), പുകയിലയുല്‍പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളുളള മറ്റു ചരക്കുകള്‍ ഇറക്കുമതി ചെയ്യുകയോ രാജ്യത്ത് വില്‍ക്കുകയോ ചെയ്യാന്‍ പാടില്ല, പുകയില ഉല്‍പന്നങ്ങളുടെ ഷെല്‍ഫുകള്‍ക്കു മുകളില്‍ ആരോഗ്യപരമായ മുന്നറിയിപ്പുള്ള ലേബലുകള്‍ പതിച്ചിരിക്കണം, 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ താഴെയുള്ള ഗ്രോസറികളില്‍ പുകയിലയുല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നഗരസഭ പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.