ജെറുസലേം: വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി. ഒരു ഇസ്രായേല്‍ സൈനികനും പലസ്തീനികളുടെ ചെറുത്ത് നില്പ്പില് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രായേല്‍ നടത്തിയത്.
വ്യോമാക്രമണത്തിനൊപ്പം നൂറ് കണക്കിന് ഇസ്രായേല്‍ സൈനികരാണ് കരമാര്‍ഗം ആക്രമണം നടത്തിയത്. 50 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഏകദേശം 17,000 പേര് തിങ്ങി പാര്‍ക്കുന്ന ജെനിന് നഗരത്തിലെ അഭയാര്‍ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ തെരുവുകളും നടപ്പാതകളും ലക്ഷ്യം വെച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെസ്റ്റ് ബാങ്കിലെ ജെനിന് സര്‍ക്കാര്‍ ആശുപത്രിയും ഇസ്രായേല്‍ സൈന്യം ആക്രമിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ നിന്ന് വരുന്ന റോക്കറ്റുകളെ പ്രതിരോധിക്കാന്‍ ഇസ്രായേല്‍ സൈന്യം അയണ്‍ ഡോമുകള്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ നിന്ന് വന്ന അഞ്ച് റോക്കറ്റുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ജെനിനില്‍ നിന്ന് പിന്മാറുന്നതിനിടെ ഇസ്രായേല്‍ സൈന്യവുമായി പലസ്തീനികള്‍ ഏറ്റുമുട്ടിയിരുന്നു. സൈന്യം റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. സൈന്യം പിന്‍വലിഞ്ഞെങ്കിലും സൈനിക നടപടി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് വീണ്ടും ആക്രമണം ഉണ്ടാവുമെന്ന സൂചന നല്കുന്നു.