യുകെയില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മേയ് 7 ഗ്ളാസ്ഗോയിലെ താമസ സ്ഥലത്ത് വച്ച് മരണമടഞ്ഞു. പാലക്കാട് സ്വദേശിയായ വിഘ്നേഷ് വെങ്കിട്ടരാമന് (36) ആണ് അന്തരിച്ചത്. 2022 സെപ്റ്റംബറില്‍ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ എംബിഎ പഠനം പൂര്‍ത്തിയാക്കിയ വിഘ്നേഷ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ ഗ്ലാസ്ഗോയില്‍ താമസിച്ചു വരികയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 16-ാം തീയതി പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ റൂമില്‍ കണ്ടെത്തിയത്. വെങ്കിട്ടരാമനും കുടുംബവും ഡെല്‍ഹിയില്‍ താമസിക്കുന്നവരാണ്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിച്ച്, യുകെയില്‍ ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു അദ്ദേഹം. ഏപ്രില്‍ അവസാനം വരെ അദ്ദേഹത്തിന് ജോലി നേടാനായില്ല. കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ഉടന്‍ ജോലി ലഭിക്കുമെന്നും പ്രതീക്ഷിച്ചിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.
മെയ് 6 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന് പാനിക് അറ്റാക്ക് ഉണ്ടായെന്നും ബോധരഹിതനായെന്നും എമര്‍ജന്‍സി സര്‍വീസ് അദ്ദേഹത്തെ പരിശോധിക്കുകയും ഇസിജി ചെയ്യുകയും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല.
മെയ് 7 ന് രാവിലെ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നല്ല മാനസികാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. വൈകുന്നേരം നാട്ടില്‍ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവര്‍ മുറി തുറന്നപ്പോഴാണ് തറയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുപോകും.
ഗ്ലാസ്ഗോയിലെ സുഹൃത്തുക്കള്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ്. വെങ്കട്ട രാമന്റെ നിര്യാണത്തില്‍ സ്കോട്ട്ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ബിജു ജേക്കബ് മുട്ടേല്‍ അനുശോചനം അറിയിച്ചു. പരേതന്റെ കുടുംബത്തിന് എല്ലാ സഹായവുമായി സ്കോട്ട്ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
വിഘ്നേഷിന്റെ ആകസ്മിക വിയോഗത്തില്‍ ബ്രിട്ടീഷ് പത്രം ടീമും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.