കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്കൊച്ചി സര്‍വ്വീസിന് ഇന്ന് ആരംഭം. തിരക്ക് പിടിച്ച റോഡ് ഗതാഗതത്തില്‍ നിന്നും ജലപാതയിലൂടെ ഇനി തിരക്കില്ലാതെ കൊച്ചിക്കാര്‍ക്ക് ഫാര്ട്ട്കൊച്ചിയില് എത്തിച്ചേരാം.
40 രൂപ ടിക്കറ്റ് നിരക്കിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വാട്ടര്‍മെട്രോ 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന് മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. റോഡ് ഗതാഗത തിരക്കില്‍ പെട്ടുപോകുന്നവര്‍ക്ക് ഈ മാര്‍ഗ്ഗം സഹായമായിരിക്കും എന്നാണ് പ്രതീക്ഷ.
കൊച്ചിന് ഷിപ്പിയാര്‍ഡ് സര്‍വീസിനുള്ള 14-ാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്ന് സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ ആരംഭിച്ചിട്ട് ഏപ്രില്‍ 25ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒന്‍പതു ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ 11 മാസം പിന്നിടുമ്പോള്‍ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേര് കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി.