റീല്‍സെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മൊബൈലില്‍ റീല്‍സെടുക്കാന്‍ തലകീഴായി കിടന്ന് അഭ്യാസം നടത്തിയ യുവാവാണ് വീണു മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് യുവാവ് വീണത്.
യുവാവ് തന്റെ കാല്‍ സ്ലാബില്‍ കുടുക്കിയിട്ടാണ് തലകീഴായി കിടന്ന് റീല്‍സ് എടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതേ സ്ലാബ് ഇളകുകയും ഇയാളുടെ ദേഹത്തേക്ക് വീഴുകയും ആയിരുന്നു. യുപി സ്വദേശിയായ 21-കാരന്‍ ശിവം ആണ് മരിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുകൊടുത്തു. ജന്‍പദ് ബന്ദയിലെ ഖൈരാഡ ഗ്രാമത്തിലെ ജൂനിയര്‍ ഹൈസ്‌കൂളില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കളാണ് മൊബൈലില്‍ റീല്‍സ് പകര്‍ത്തിയത്.
വിവരം കേട്ട് സ്‌കൂളിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് ശിവത്തിന്റെ വിയോഗം വിശ്വസിക്കാനായില്ല. രണ്ട് ഇഷ്ടിക കൈയില്‍ വച്ച് കസര്‍ത്ത് വീഡിയോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബാക്ക്ഗ്രൗണ്ടില്‍ ചില സിനിമ ഡയലോഗുകളും പാട്ടും വച്ച ശേഷമായിരുന്നു റീല്‍സ് ചിത്രീകരണം. ഇതിനിടെയാണ് യുവാവിന്റെ ഭാരം താങ്ങാനാകാതെ സ്ലാബ് തകര്‍ന്നത്. നിലത്ത് വീണ ശിവത്തിന്റെ ശരീരത്തിലാണ് ഇത് പതിച്ചത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന ശിവം ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ്.