വര്‍ഷങ്ങളോളം വയറ്റില്‍ ജീവനില്ലാത്ത ഭ്രൂണവുമായി ജീവിച്ച വയോധിക ഓപ്പറേഷന് ശേഷം മരണത്തിന് കീഴടങ്ങി. ബ്രസീലിയന്‍ സ്വദേശിയായ ഡാനിയേല വെറ (81) ആണ് 56 വര്‍ഷത്തോളം ഒപ്പമുണ്ടായിരുന്ന ഭ്രൂണം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം മരിച്ചത്.
ഡാനിയേല ഏഴുകുട്ടികളുടെ അമ്മയാണ്. പക്ഷെ വര്‍ഷം ഇത്രയും ആയിട്ടും അവര്‍ അവരുടെ ഉള്ളില്‍ ഇതുപോലെ ഒന്ന് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. പലപ്പോഴായി വയറുവേദന അനുഭവപ്പെടുമായിരുന്നു ഇവര്‍ക്ക്. അതിന് പോംവഴി തേടി ഡോക്ടര്‍മാരെ സമീപിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിരുന്നില്ല.
പോക പോകെ അവര്‍ക്ക് കടുത്ത വയറുവേദനയിലേക്ക് എത്തിയതോടെ നടത്തിയ ചികിത്സയില്‍ സ്കാനിങ്ങിലുടെ ഇവരുടെ വയറ്റില്‍ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോണ്‍ ബേബി) കണ്ടെത്തിയത്. വയറിനുള്ളില്‍ വെച്ച് തന്നെ ജീവന് നഷ്ടമായ ഭ്രൂണം പിന്നീട് കാല്സ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് 'സ്റ്റോണ്‍ ബേബി'. കല്ലിന് സമാനമാകുന്ന ഭ്രൂണം 'ലിത്തോപീഡിയന്‍' എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തുടര്‍ന്ന് ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അണുബാധയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡാനിയേല മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.