അമ്മയും അച്ഛനും സ്വന്തം പ്രാണനായി കരുതി അവര്‍ക്ക് വേണ്ടി ജീവിക്കുന്ന എത്രയോ മക്കള്‍ ഉണ്ട്. എല്ലാത്തിനും ഉപരി അച്ഛന്റെയും അമ്മയുടെയും സന്തോഷവും സമാധാനവും ആണെന്ന് മനസ്സിലാക്കിയായിരിക്കണം ഓരോ മക്കളും അവരെ അവസാനകാലങ്ങളില്‍ പരിപാലിക്കേണ്ടത്. ഇവിടെയും ഒരു മകന് അച്ഛനോടും അമ്മയോടും അളവുറ്റ സ്നേഹം ഉള്ളവനാണെന്ന് തെളിയിക്കുന്ന ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. അതിന്റെ തെളിവായി ഇന്നുവരെ ആരും ചെയ്യാത്ത കാര്യങ്ങളാണ് മകന് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശിയായ റൗണക് ഗുര്‍ജാര്‍ ആണ് ആ മകന്. രാമയണത്തെ ഏറെ സ്നേഹിക്കുകയും രാമന്റെ വാക്കുകളില്‍ ഏറെ പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തെന്ന് പറയുന്ന മകന് സ്വന്തം തുടയില്‍ നിന്നും എടുത്ത തൊലി ഉപയോഗിച്ച് അമ്മയ്ക്ക് ചെരുപ്പ് നിര്‍മ്മിച്ച് കൊടുത്തിരിക്കുകയാണ്.
'താന്‍ എന്നും രാമായണം വായിക്കുന്ന ആളാണ്. രാമന് തന്നെ അത്ര ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. രാമായണത്തില്‍ സ്വന്തം തൊലികൊണ്ടുള്ള ചെരുപ്പ് തുന്നി അമ്മയ്ക്ക് നല്കിയാലും മതിയാവില്ലെന്ന് രാമന് പറയുന്നുണ്ട്. അച്ഛനമ്മമാരുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗമെന്ന് താന്‍ സമൂഹത്തോട് പറയുവാന്‍ ആഗ്രഹിക്കുന്നു. അച്ഛനാണ് സ്വര്‍ഗത്തിലേക്കുള്ള ഗോവണിയെന്നും റൗണക് പറഞ്ഞു.'
വലിയ ചടങ്ങായാണ് അമ്മയ്ക്ക് പാദരക്ഷകള്‍ റൗണക് സമ്മാനിച്ചത്. തന്റെ തുടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെയാണ് റൗണക് തൊലിയെടുത്തത്. വളരെ വികാരഭരിതയായി ചെരുപ്പുകള്‍ റൗണക് അമ്മയെ ധരിപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം. റൗണക്കിനെ പോലൊരു മകനെ കിട്ടിയത് ഭാഗ്യമാണെന്ന് മകന്റെ സമ്മാനത്തെ കുറിച്ച് അമ്മ നിരുല പ്രതികരിച്ചു. ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.