ഇതിഹാസ ഫുട്ബോളര് ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം.
മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു.
2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.