ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെത്തും എന്ന റിപ്പോര്‍ട്ടുകള്‍. ഉടന്‍ പ്രഖ്യാപിക്കപ്പെടുന്ന ടീമില്‍ ആണ് സഞ്ജു സാംസണ് കൂടുതല്‍ സാധ്യത കാണുന്നത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലുള്ള താരത്തെ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് ഒന്നാണ് ടീമുകളെ പ്രഖ്യാപിക്കാന്‍ ഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്ന അവസാന തീയതി. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.
ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനകളുണ്ട്. ഐപിഎല്‍ സീസണിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മോശം ഫോമിലാണെങ്കിലും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ടീമിലിടം ലഭിക്കുമെന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി പരിഗണനയിലുള്ള കെഎല്‍ രാഹുല്‍ അഞ്ചാമതും ഋഷഭ് പന്ത് ആറാമതുമാണ്. ഐപിഎല്ലിലെ പ്രകടനം മാത്രം പരിഗണിക്കേണ്ടെന്നാണ് യോഗത്തിലുണ്ടായ സുപ്രധാന തീരുമാനമെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഋഷഭ് പന്ത് ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിവരുന്നുണ്ടെങ്കിലും അവസാനം ഇന്ത്യക്കായി കളിച്ച ട്വന്റി 20 മത്സരങ്ങളില്‍ ഫോമിലേക്കുയര്‍ന്നിരുന്നില്ല.