ഇന്നലെ രാത്രിയില്‍ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത്.
രാത്രിയില്‍ പലര്‍ക്കും സേവനങ്ങള്‍ ലഭിച്ചില്ല. വാട്‌സ്ആപ്പ് നിശ്ചലമായപ്പോള്‍ തന്നെ വാട്‌സ്ആപില്‍ മെസേജുകള്‍ അയക്കാനാവുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. മൊബൈല്‍ ആപ്ലിക്കേഷനിലും ബ്രൗസര്‍ വഴി കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ് വെബ് സേവനത്തിലും ഒരുപോലെ തടസം നേരിട്ടു.
ചില ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി മനസിലാക്കുന്നുവെന്നും വളരെ വേഗം തന്നെ എല്ലാവര്‍ക്കും പൂര്‍ണതോതില്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വാട്‌സ്ആപ് അധികൃതര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
അതേസമയം ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുണ്ടായെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ഫീഡും സ്റ്റോറുകളും അപ്‌ഡേറ്റ് ആവുന്നതുമില്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരത്തിലുള്ള തടസങ്ങള്‍ നേരിടുന്നത്.