ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്ര് ക്ലബ്ബിലേക്കുള്ള രംഗപ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകരെ ഏറെ ആവേശത്തിലാഴ്തിയിരുന്നു. ഇപ്പോഴിതാ മെസിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ് രംഗത്ത് വരുന്ന വാര്‍ത്തകളാണ് വരുന്നത്.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയാണ് സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്ര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. 200 മില്യണ്‍ യൂറോ(1775 കോടി രൂപ) ആണ് അല്‍ നസ്ര് റൊണാള്‍ഡോക്ക് നല്കുന്ന വാര്‍ഷിക പ്രതിഫലം. രണ്ടരവര്‍ഷത്തേക്കാണ് റൊണാള്‍ഡോയുമായി അല്‍ നസ്ര് കരാറൊപ്പിട്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരഞ്ഞ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ മറ്റ് യൂറോപ്യന്‍ ക്ലബുകള്‍ രംഗത്തെത്താതിരുന്നതാണ് അല്‍ നസ്റിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഇതോടെ സൗദി ലീഗില്‍ അല്‍ നസ്റിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ അര്‍ജന്റൈന്‍ നായകന് ലിയോണല്‍ മെസിയെ സ്വന്തമാക്കാനുളള നീക്കങ്ങള്‍ ശക്തമാക്കി.
പി എസ് ജി താരമായ മെസിയുടെ നിലവിലെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കും. കരാര്‍ നീട്ടാനുള്ള പി എസ് ജിയുടെ ഓഫറിനോട് മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതും അല്‍ ഹിലാലിന് പ്രതീക്ഷ നല്‍കുന്നുണ്ട്. സൗദി ടൂറിസത്തിന്റെ ബ്രാന് അംബാസഡര്‍ കൂടിയാണ് മെസിയിപ്പോള്‍. ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയതോടെ ഫുട്ബോള്‍ കരിയറില്‍ സാധ്യമായ നേട്ടങ്ങളെല്ലാം മെസി സ്വന്തമാക്കിക്കഴിഞ്ഞു. ഇതുകൊണ്ടുതന്നെ വമ്പന്‍ ഓഫര്‍ മെസി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അല്‍ ഹിലാല്‍. റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസി കൂടി എത്തിയാല്‍ സൗദി ലീഗ് പുതിയ തലത്തിലേക്ക് ഉയരുമെന്നുറപ്പാണ്. മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്സലോണയും ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.