സ്പാനിഷ് സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ന് പൊരിഞ്ഞ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ എഫ്സി ബാര്‍സലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് സെമിഫൈനല്‍ പോരാട്ടത്തില്‍ റയല്‍ ബെറ്റിസിനെയാകും സാവിയും സംഘവും നേരിടുക.
സൗദിയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ആണ് കാത്തിരിക്കുന്ന ഈ പോരാട്ടം. ഈയൊരു മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ നേരിടും. സര്‍വ സന്നാഹവുമായാണ് ബാര്‍സ സൗദിയിലേക്ക് എത്തിയിട്ടുള്ളത്. എന്ത് വിധേനയും വിജയിക്കണമെന്ന ലക്ഷ്യമുള്ളത് കൊണ്ടുതന്നെ മികച്ച ടീമിനെ തന്നെ സാവി ആദ്യ ഇലവനില്‍ ഇറക്കും.
ഏറ്റവും ഒടുവില്‍ നടന്ന ലീഗ് മത്സരത്തില്‍ അത്ലറ്റിക്കോയെ അവരുടെ മൈതാനത്ത് വെച്ച് കീഴടക്കിയതിന്റെ ആത്മവിശ്വാസം ബാര്‍സയുടെ ഇന്നത്തെ മത്സരത്തിലും പ്രതിഫലിച്ചേക്കാം. റയല്‍ ബെറ്റിസ് അത്ര മോശം ടീമൊന്നുമല്ല. ലാ ലിഗായില്‍ നിലവില്‍ ടേബിളില്‍ 4ആം സ്ഥാനത്താണ് അവരുള്ളത്. അതുകൊണ്ടുതന്നെ ബാര്‍സയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. എന്തായാലും ആരാകും റയലുമായി ഫൈനലില്‍ കൊമ്ബുകോര്‍ക്കുക എന്നറിയാന്‍ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.