ഫ്രാന്‍സിന്റെ പരിശീലക സ്ഥാനത്ത് ദിദിയര്‍ ദെഷാമിന് 2026 ലോകകപ്പ് വരെ കാലാവധി നീട്ടി നല്‍കിയതിന് പിന്നാലെ ഫ്രഞ്ച് ഇതിഹാസതാരം സിനദിന്‍ സിദാനെ അപമാനിച്ച ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്റ് ലെ ഗ്രെയറ്റിനെതിരെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.
സിദാനെ പരിശീലകനാക്കാന്‍ ഫ്രാന്‍സ് പരിഗണിക്കാത്ത സാഹചര്യത്തില്‍ സിദാന് ബ്രസീല്‍ പരിശീലകനായി പോകുമോ എന്ന ചോദ്യത്തിന് മറുപടിയായി അതിനെ പറ്റിയൊന്നും ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന് എവിടെയും പോകാം എന്നായിരുന്നു ലെ ഗ്രയെറ്റിന്റെ മറുപടി. ദെഷാമിന്റെ പകരക്കാരനായി സിദാന് കുറെപേരുടെ പിന്തുണയുണ്ടെന്നറിയാം. എന്നാല്‍ ദെഷാമിന് പകരക്കാരനാകാന്‍ ആര്‍ക്കാണ് സാധിക്കുക. ആര്‍ക്കും കഴിയില്ല.
സിദാന് അങ്ങനെ ആഗ്രഹിക്കുന്നെങ്കില്‍ അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാന്‍ സിദാനെ കണ്ടിട്ടില്ല. ദെഷാമുമായി പിരിയുന്നതിന് പറ്റി ഞങ്ങള്‍ ചിന്തിച്ചിട്ട് കൂടിയില്ല. അതിനാല്‍ സിദാന് ഏത് ക്ലബില്‍ വേണമെങ്കിലും പോകാം. ഇനി ഇത് പറഞ്ഞ് സിദാന് എന്നെ വിളിച്ചാലും ഞാന്‍ ഫോണെടുക്കാന്‍ പോകുന്നില്ല. എന്നായിരുന്നു ലെ ഗ്രെയെറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇതിന് മറുപടിയായി സിദാന് എന്നാല്‍ ഫ്രാന്‍സാണെന്നും നിങ്ങള്‍ക്ക് ഒരു ഇതിഹാസത്തെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയില്ലെന്നും സൂപ്പര്‍ താരം എംബാപ്പെ ട്വീറ്റ് ചെയ്തു. ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി നേരത്തെ സിദാന് വ്യക്തമാക്കിയിരുന്നു.