
മാഞ്ചസ്റ്റര്‍ : നാളെ നടക്കുന്ന ദുഖ്‌റാന തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. തിരുക്കര്‍മങ്ങള്‍ രാവിലെ 9.30മുതല്‍ ആരംഭിക്കും. എല്ലാ വഴികളും ആഘോഷം നടക്കുന്ന മാഞ്ചെസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക്.
യുകെയുടെ മലയാറ്റൂര്‍ ആയ മാഞ്ചസ്റ്ററില്‍ പ്രധാന തിരുന്നാള്‍ ആഘോഷങ്ങള്‍ നാളെ നടക്കും. വിഥിന്‍ഷോ സെന്റ് അന്റണീസ് ദേവാലയവും പ്രദക്ഷിണ വഴികളുമെല്ലാം കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു മോടിപിടിപ്പിച്ചുകഴിഞ്ഞു. ഇന്ന് വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് മിഷന്‍ മുന്‍ ഡയറക്ടറും ആഷ്‌ഫോര്‍ഡ് മാര്‍ സ്ലീവാ ഡയറക്ടറുമായ റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ നേതൃത്വം നല്‍കും. ഇന്നത്തെ ദിവ്യബലിയില്‍ മെന്‍സ് ഫോറം, വിമന്‍സ് ഫോറം, കൊയര്‍, സെന്റ് ബെനഡിക്ട് യൂണിറ്റ്, സേക്രട്ട് ഹാര്‍ട്ട് യൂണിറ്റ് എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയോഗമാണ് ദിവ്യബലി.
മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ സംബന്ധിക്കാനായി മറ്റ് സ്ഥലങ്ങളില്‍ നിന്നും വിഥിന്‍ഷോയിലെ ഭവനങ്ങളിലേക്ക് അതിഥികളെത്തിക്കഴിഞ്ഞു. നാട്ടില്‍ നിന്നും യുകെയിലെത്തിയ മലയാളിക്ക് നഷ്ടപ്പെട്ടു പോകുമായിരുന്ന നാട്ടിലെ തിരുന്നാള്‍ ആഘോഷങ്ങളാണ് എല്ലാ വര്‍ഷവുമെന്ന പോലെ നാളെയും മാഞ്ചസ്റ്ററില്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നത്. മലയാളി സമൂഹം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായതായി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
രാവിലെ ഒന്‍പതിന് ദിവ്യബലിയില്‍ കാര്‍മ്മികരാകുന്ന വൈദികരെയും അള്‍ത്താര സംഘാംഗങ്ങളെയും, പ്രസുദേന്തിമാരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെയായിരിക്കും സിറോമലബാര്‍ സഭയുടെ ഏറ്റവും അത്യാഘോഷപൂര്‍വ്വമായ കുര്‍ബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകുന്നത്.
പ്രെസ്റ്റണ്‍ സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ ദേവാലയം വികാരി റവ. ഫാ.ബാബു പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാകുമ്പോള്‍ യുകെയുടെ പലഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദികര്‍ സഹ കാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്നാണ് പൗരാണീകത വിളിച്ചോതുന്ന തിരുന്നാള്‍ പ്രദക്ഷിണം ആരംഭിക്കുക. നൂറുകണക്കിന് മുത്തുക്കുടകളും പൊന്‍ - വെള്ളി കുരിശുകളുമെല്ലാം അകമ്പടി സേവിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധ തോമാസ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും, പരിശുദ്ധ ദൈവ മാതാവിന്റേയും, വിശുദ്ധ സെബാസ്ത്യാനോസിന്റേയും തിരുസ്വരൂപങ്ങള്‍ സംവഹിക്കും.
മേളപ്പെരുമഴ തീര്‍ത്തു വാറിംഗ്ടണ്‍ ചെണ്ടമേളവും, ഐറീഷ് പൈപ്പ് ബാന്‍ഡുമെല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കുമ്പോള്‍ മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാകും തിരുന്നാള്‍ പ്രദക്ഷിണം.
യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ നാളെ വിഥിന്‍ഷോയില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പള്ളിയുടെ മുന്‍വശത്തു തയാറാക്കുന്ന കുരിശും തൊട്ടി ചുറ്റി പ്രാര്‍ത്ഥനക്ക് ശേഷമാകും പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിക്കുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, പാച്ചോര്‍ നേര്‍ച്ചയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്റര്‍ തിരുന്നാള്‍ അടുത്ത വര്‍ഷം ഇരുപതാണ്ട് പൂര്‍ത്തിയാക്കുകയാണ് അതിനാല്‍ ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവ് വരാത്തരീതിയില്‍ ആണ് തിരുന്നാള്‍ കമ്മിറ്റി ഓരോ കാര്യങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെ ഒരാഴ്ചക്കാലമായി നടന്നുവരുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.
മിഷന്‍ ഡയറക്ട്ടര്‍ റവ.ഫാ. ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിള്‍ ഈപ്പന്‍, റോസ്ബിന്‍ സെബാസ്റ്റ്യന്‍, ജോബിന്‍ ജോസഫ് എന്നിവരുടെയും, പാരിഷ് കമ്മിറ്റിയംഗങ്ങളുടേയും നേതൃത്വത്തിലാണ് തിരുന്നാള്‍ വിജയത്തിനായുള്ള ക്രമീകരങ്ങള്‍ നടന്നുവരുന്നത്.
ഗതാഗത തടസം ഉണ്ടാവാതിരിക്കുവാന്‍ വിപുലമായ ക്രമീകരങ്ങളാണ് തിരുന്നാള്‍ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ മുന്‍ വശങ്ങളിലും, പ്രദക്ഷിണം കടന്നു പോകുന്ന വഴികളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. പള്ളിക്കു സമീപമുള്ള സെന്റ് അന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലും, കോര്‍ണീഷ് മാന്‍ പബ്ബിന്റെ ഗ്രൗണ്ടിലുമായിട്ടാണ് വാഹങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത്.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.
സെന്റ്. ആന്റണീസ് ദേവാലയത്തിന്റെ വിലാസം:-
St. Antony's Church
Dunkery Road,
Wythenshawe
M22 0WR.
വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ട സ്ഥലങ്ങള്‍:-
St. Antony's School Ground,
Dunkery Rd, Wythenshawe, Manchester M22 0NT
Cornishman Pub Ground,
Cornishway, Wythenshawe, Manchester M22 0JX.
More Latest News
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലും സമാനമായ പരാതികൾ നിലവിൽ

ശരീരഭാരം കുറക്കാൻ പ്രോട്ടീൻ ബാർ നല്ലതോ? ഫിറ്റ്നസ്സ് നിലനിർത്തുന്നതിനുമപ്പുറമുള്ള ഗുണങ്ങൾ പങ്കുവച്ച് പുതിയ പഠനം

ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ :എല്ലാം പുതിയ സിനിമ വിജയിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ ഇന്ത്യയിലേക്ക്: അമൃത്സറിലെ അട്ടാരി ചെക്ക്പോസ്റ്റ് വഴി പൂർണം കുമാർ ഷായെ കൈമാറിയത് ഇന്ന്

കർഷകകുടുംബത്തിലെ കരുത്തുമായി വിശ്വകിരീടത്തിന്റെ വേദിയിലേക്ക് ഒരു പെൺകുട്ടി: മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യക്കായി ചുവടുവയ്ക്കാനൊരുങ്ങി നന്ദിനി ഗുപ്ത
