രാജ്യത്ത് ശരിയായ രീതില്‍ പ്രവര്‍ത്തിക്കാത്ത ഗ്യാസ്, ഇലക്ട്രിസിറ്റി സ്മാര്‍ട്ട് മീറ്ററുകളുടെ എണ്ണം സര്‍ക്കാര്‍ കണക്കുകളെക്കാള്‍ വളരെ കൂടുതലാണെന്ന് സിറ്റിസണ്‍സ് അഡൈ്വസ് നടത്തിയ ഗവേഷണം. ഒരുപക്ഷേ മൊത്തം 20 മുതല്‍ 30 ശതമാനം വരെ സ്മാര്‍ട്ട് മീറ്ററുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതികവിദ്യയുടെ പ്രശ്നങ്ങളും മോശം ഉപഭോക്തൃ സേവനവും കാരണം ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് മീറ്ററുകളില്‍ നിന്ന് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ചാരിറ്റി പറഞ്ഞു.
നെറ്റ് സീറോയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഒരു പ്രധാന ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ കണക്കാക്കപ്പെടുന്നത്. കാരണം അവ വീട്ടുടമകള്‍ക്ക് അവരുടെ ഊര്‍ജ്ജ ഉപയോഗം കൂടുതല്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും സൗകര്യമൊരുക്കും. 'സ്മാര്‍ട്ട് മോഡില്‍' ആയിരിക്കുമ്പോള്‍ അവര്‍ ഉപഭോക്തൃ ഉപയോഗത്തെക്കുറിച്ചുള്ള തത്സമയ ഡാറ്റ വിദൂരമായി വിതരണക്കാര്‍ക്ക് അയയ്ക്കുകയും ചെയ്യും.
എന്നാല്‍ മാര്‍ച്ചില്‍, ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി, നെറ്റ് സീറോ എന്നിവയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, കഴിഞ്ഞ വര്‍ഷം അവസാനം ബ്രിട്ടനില്‍ 3.98 മില്യണ്‍ മീറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ്. അതായത് വീടുകളിലെയും ബിസിനസ്സുകളിലെയും 34.8 മില്യണ്‍ സ്മാര്‍ട്ട് മീറ്ററുകള്‍ നിലവില്‍ തകരാറിലാണ് എന്ന് സാരം.
എന്നിരുന്നാലും, ഇത് 'മഞ്ഞുമലയുടെ അഗ്രം' മാത്രമാണെന്നാണ് തങ്ങളുടെ ഗവേഷണത്തില്‍ തെളിഞ്ഞതെന്ന്ും സിറ്റിസണ്‍സ് അഡൈ്വസ് പറഞ്ഞു. യുകെയിലുടനീളമുള്ള 4,000 ഗാര്‍ഹിക ഊര്‍ജ്ജ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി 2023 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ ഒരു വോട്ടെടുപ്പ് കാണിക്കുന്നത്, സ്മാര്‍ട്ട് മീറ്ററുള്ള 20% വീടുകളും അവ ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോഴും മാനുവല്‍ മീറ്റര്‍ റീഡിംഗുകള്‍ പതിവായി സമര്‍പ്പിക്കുന്നു എന്നാണ്.
പോള്‍ ചെയ്തവരില്‍ ഏതാണ്ട് മൂന്നിലൊന്ന് (31%) പേരും പറഞ്ഞത് ഊര്‍ജ്ജ ഉപയോഗവും ചെലവും ട്രാക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന തങ്ങളുടെ മീറ്ററിന്റെ ഇന്‍-ഹോം ഡിസ്പ്ലേയില്‍ പ്രശ്നങ്ങള്‍ നേരിട്ടു എന്നാണ്. കൂടാതെ, സ്മാര്‍ട്ട് മീറ്റര്‍ പ്രശ്നങ്ങളില്‍ സഹായത്തിനായി പൗരന്മാരുടെ ഉപദേശം ചോദിച്ച നാലിലൊന്ന് ആളുകള്‍ക്കും ബില്ലിംഗ് പ്രശ്നങ്ങളുണ്ട്.
അവരുടെ വിതരണക്കാരന് സ്വയം റീഡിംഗ് എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആളുകള്‍ക്ക് 'അപ്രതീക്ഷിതായി വന്‍ ബില്ലുകള്‍ ലഭിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചാരിറ്റി പറഞ്ഞു.
റീഡിംഗുകള്‍ സ്വയമേവ അയയ്ക്കാത്തതിനാല്‍ മീറ്ററിന്റെ പ്രശ്നങ്ങള്‍ ചില വീടുകളില്‍ കടബാധ്യതയിലേക്ക് വരെ നയിച്ച സംഭവങ്ങള്‍ വരെ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പ്രശ്്നങ്ങള്‍ പരിഹരിക്കാന്‍ എനര്‍ജി റെഗുലേറ്ററായ ഓഫ്ജെം അടിയന്തിരമായി ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.