
ഈയിടെ ഒരു ഫാമിലി ഇവന്റസില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലങ്കില്‍ 12 വയസുള്ള രണ്ടു ആണ്‍കുട്ടികള്‍ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണില്‍ നല്ല തിരക്കിലാണ്. ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ കുശലം പറഞ്ഞു അടുത്തുകൂടി. കൂടുതല്‍ അറിഞ്ഞപ്പോള്‍ രണ്ടും സഹോദരങ്ങളാണ്. രണ്ടുപേരും പരസ്പരം മിണ്ടാന്‍ മിനക്കെടാതെ മെസ്സേജ് വിട്ടു വര്‍ത്തമാനം പറഞ്ഞു ചിരി കളിയാണ്.
കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്തവല്ലാതെ അലട്ടി. നമ്മുടെ ചെറുപ്പകാലങ്ങളില്‍ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞുറങ്ങാന്‍ പാടുപെട്ട രാത്രികള്‍ ഓര്‍മയില്‍ വന്നു.
സ്‌കൂള്‍ വരാന്ത മുതല്‍ തുരു തുരെ പറഞ്ഞുമതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളില്‍ കൊണ്ടാക്കിയ രംഗങ്ങള്‍ ഓര്‍മവന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മള്‍ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്‌നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്. പക്ഷെ വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു.
ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചില്‍ കേള്‍ക്കനുണ്ടോ? അമ്മക്ക് തന്നുണ്ണി മാവിന്‍ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ? അവരെല്ലാം സ്‌ക്രീനില്‍ തളച്ചിടപ്പെട്ടിരിക്കുകയല്ലേ? ഒന്നിനും മാനുഷിക സ്പര്‍ശനം ഇല്ല. പകരം എല്ലാത്തിലും സ്‌ക്രീന്‍ തരംഗം. ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല. കാണുന്ന കാഴ്ചകള്‍ മുഴുവന്‍ സ്‌ക്രീന്‍. നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാന്‍ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ. കളികള്‍ വര്‍ത്തമാനങ്ങള്‍ വിശേഷങ്ങള്‍ പ്രാര്‍ത്ഥനകള്‍ മരണ കരച്ചിലുകള്‍ മരണാനന്തര കര്‍മങ്ങള്‍ കൊടുക്കല്‍ വാങ്ങലുകള്‍ സേവിങ് അങ്ങനെ പലതും ഇന്ന് സ്‌ക്രീന്‍ മാജിക്കിലൂടെ.
ശിലായുഗം വെങ്കലയുഗം അങ്ങനെ ഏഴു യുഗങ്ങള്‍ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റല്‍ യുഗത്തിലാണ് വന്നു നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വര്‍ദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മള്‍. എന്നാല്‍ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു turning point ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍ മനഃപൂര്‍വ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.
സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യര്‍ക്ക് മാത്രമെ മനുഷ്യരില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളില്‍ വളരുന്നു. വേറൊന്നിലും നമ്മള്‍ ആകൃഷ്ടരാകുന്നില്ല. എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു. കാരണം ഈ ഗ്രഹത്തില്‍ നമ്മള്‍ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മള്‍ കരുതുന്നു.
പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനു പോലും നമ്മളുടെ ജീവനില്‍ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായാല്‍ത്തന്നെ ഈ ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകള്‍ മാത്രം അവശേഷിക്കുന്ന ഭൂമിയായ് മാറിടുമെന്നും നമ്മളിനിയും അറിയാന്‍ വൈകീടല്ലേ.
അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതല്‍ 6 വര്‍ഷം വരെ അപ്രത്യക്ഷമായാല്‍ ഞാനും നീയുമുള്‍പ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മള്‍ നിസ്സാരരായ് കരുതുന്ന മൈക്രോണുകള്‍ പോലും ഒരു 20 മിനിറ്റ് മാറി നിന്നാല്‍ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ. പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാല്‍ ഭൂമി തഴച്ചുവളരുകയല്ലാതെ ഭൂമിക്കു ഒരു കേടും ഉണ്ടാകാന്‍ പോകുന്നില്ല.
അതിനാല്‍ മനുഷ്യര്‍ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മള്‍ കരുതരുത്. ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളില്‍ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി അനുഭവിക്കട്ടെ, ബ്രാന്‍ഡഡ് ഷൂവില്‍ നിന്നും മാറി ചേറുകളില്‍ ചവിട്ടിനടക്കട്ടെ, ജോണ്‍ വര്‍വ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുല്‍ല്‍നാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പില്‍നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേക്കവര്‍ കടന്നുവരട്ടെ. നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും.
പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മള്‍ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി വിച്ഛേദിക്കപെട്ട് (പുക്കിള്‍കൊടി അറുത്തുമാറ്റി) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പോയികൊണ്ടിരിക്കുകയാണെന്നു മനസിലാക്കാന്‍ വൈകിയെങ്കില്‍ ഓരോ വര്‍ഷവും കടന്നു പോവുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ഹ്യൂമന്‍ ഇന്റലിജന്റിന്റെ വെയ്സ്റ്റ് പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാന്‍ ഏറെനാള്‍ വേണ്ടിനിയും....
ജോസ്ന സാബു സെബാസ്റ്റ്യന്‍
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
