
ഡോ. സത്യപാല്‍ സിംഗ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആര്‍എ) ബില്ലില്‍ ചില ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനിടെ ഈയിടെ ഇന്ത്യന്‍ ലോക്‌സഭയില്‍ നടത്തിയ ഒരു നികൃഷ്ടമായ പ്രസ്താവന, മതേതരത്വം ഘോരഘോരം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജാകരം തന്നെ.
ആനപ്പുറത്തിരിക്കുമ്പോള്‍ നായയെ പേടിക്കേണ്ടെന്നു പല ഭരണാധികാരികള്‍ക്കും ഒരു മിഥ്യാ ധാരണയുണ്ടെന്നു തോന്നുന്നു. അങ്ങനെയുള്ളവര്‍, കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ മാന്യ വ്യക്തികളെ തേജോവധം ചെയ്യുന്നതിലെ കുടിലതയാണ് മനസിലാകാത്തത്.
സത്യപാല്‍ സിംഗ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ചുമതലയുള്ള മാനവ വിഭവശേഷി സഹമന്ത്രിയും ജലവിഭവ, നദി വികസന, ഗംഗ പുനരുജ്ജീവന മന്ത്രാലയത്തിലെ സഹമന്ത്രിയുമായിരുന്നു. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ഉത്തര്‍പ്രദേശിലെ ബാഗ്പത് നിയോജകമണ്ഡലത്തില്‍ നിന്ന് 2014 ലെ ലോക സഭാ വോട്ടെടുപ്പില്‍ മത്സരിച്ച മുന്‍ പോലീസു മേധാവി ആയിരുന്നു.
പൊതുജനശ്രദ്ധ നേടുക മാത്രമല്ല, അധികാരങ്ങളുടെ നല്ല പിള്ളകളുടെ ലിസ്റ്റില്‍ പ്രവേശിക്കാനുമായി തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റുമായിട്ടായിരുന്നു അദ്ദേഹം സഭയിലെത്തിയതെന്ന് സ്പഷ്ടമാണ്. അദ്ദേഹം സമര്‍പ്പിച്ച പുതിയ ഭേദഗതി ഗ്രാമീണ മേഖലയില്‍ സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കുന്നത് അസാധ്യമാക്കും. എല്ലാവര്‍ക്കും ന്യൂഡല്‍ഹിയില്‍ പോയി ഒരു അക്കൗണ്ട് തുറക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നത്. മറ്റൊരു ഭേദഗതി പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വിദേശ സംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണപരമായ ചെലവുകള്‍ക്കായി ചെലവഴിക്കരുത്.
എന്നാല്‍ തന്റെ അവതരണ പ്രസംഗത്തില്‍ ഉടനീളം, ക്ഷുദ്രകരമായ ഉദ്ദേശ്യത്തോടെ അദ്ദേഹം ക്രിസ്തുമതത്തെ മൊത്തത്തില്‍ ആക്രമിക്കുകയായിരുന്നു. ചര്‍ച്ച ചെയ്യപ്പെടുന്ന എഫ്സിആര്‍എ ബില്ലില്‍ സ്വയം ഒതുങ്ങാന്‍ സ്പീക്കര്‍ അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ പ്രസംഗം ഒരു ഉത്തമ മിഷനറിയുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കാനും ക്രിസ്തുമതം തന്നെ നശിപ്പിക്കാനും സാഹചര്യത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി യെന്നു പറയുന്നതാവും ശരി.
1999 ജനുവരി 22 ന് രാത്രി ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂരില്‍, ആര്‍ എസ് എസ് തീവ്രവാദികള്‍ ജീവനോടെ ചുട്ടുകൊന്ന ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സും, വെറും ഒമ്പതും ഏഴും മാത്രം പ്രായമുണ്ടായിരുന്ന മക്കളായ തിമോത്തി ഹരോള്‍ഡ് സ്റ്റെയിന്‍സും ഫിലിപ്പ് ഗ്രഹാം സ്റ്റെയിന്‍സും ഉയര്‍ത്തെഴുന്നേറ്റു വന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇദ്ദേഹം ലോകസഭയില്‍ തന്റെ കുബുദ്ധി പ്രകടിപ്പിക്കാന്‍ കുല്‌സിതശ്രമം നടത്തി ഇത്ര മാത്രം ധൈര്യം കാട്ടിയത് !
പാര്‍ലമെന്റിലെ തന്റെ പ്രസ്താവനകള്‍ക്കായി ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ ലഭിക്കുമായിരിക്കാം, പക്ഷേ മരിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നത് തികച്ചും ദുരുദ്ദേശത്തോടെയാണ്, ജീവനോടെ ഒരു മിഷ്യനറിയെ ചുട്ടു കൊന്നുവെന്നത് ന്യായീകരിക്കാനും ക്രിസ്തീയ മതവിഭാഗത്തെ താറടിക്കാനും മാത്രമാണ്. ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും കൊന്നതിനെക്കുറിച്ച് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പറഞ്ഞു ''ഇത് ലോകത്തിലെ കറുത്ത ദുഷ്‌കര്‍മ്മങ്ങളുടെ പട്ടികയില്‍ പെടുന്നു''.
ഭീകരമായ കൊലപാതകത്തിന് ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം, ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് അര്‍ഹമായത് ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് സത്യപാല്‍ അതിനെ നീചമായി ന്യായീകരിക്കുകയാണ്.
മാത്രമല്ല സത്യപാല്‍ വെറുതേ ഒരു കാര്യം തട്ടി വിട്ടിരുന്നു, ഏതോ ഒരു കോണ്‍ഗ്രസ് നേതാവാണ് സിബിഐയെ സമ്മര്‍ദ്ദത്തിലാക്കിയത് എന്ന്. കൊലപാതകം നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയുടെ കീഴില്‍ ആയിരുന്നു സിബിഐ പ്രവര്‍ത്തിച്ചിരുന്നുവെന്നത് അദ്ദേഹം മറന്നിരിക്കുന്നു. ഇദ്ദേഹം ആരോപിക്കുന്നതുപോലെ ഗ്രഹാം സ്റ്റെയിന്‍സ് ഒരു സീരിയല്‍ റേപ്പിസ്റ്റായിരുന്നുവെങ്കില്‍, ഒഡീഷയില്‍ എവിടെയെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?അപ്പോള്‍ പിന്നെ എവിടുന്നു കിട്ടിയതാണോ ഇത്രയും സെന്‍സിറ്റിവ് ആയ ഈ ബലാല്‍സംഗ രഹസ്യം ?
സത്യപാലിന്റെ മനസ്സ് ഇങ്ങനെയാണെങ്കില്‍, ഇദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥനായിരുന്നപ്പോള്‍, ദരിദ്രര്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍, എത്രമാത്രം നീചത്വവും വിവേചനവും അനുഭവിച്ചിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
ഓസ്ട്രേലിയയെപ്പോലുള്ള മറ്റൊരു രാജ്യത്തെ നാം അപലപിക്കുമ്പോള്‍, ചില ധാര്‍മ്മികതയെങ്കിലും നിരീക്ഷിക്കാമായിരുന്നു. മറ്റു പാശ്ചാത്യ രാജ്യങ്ങളെക്കാള്‍, ഓസ്ട്രേലിയ ഇപ്പോള്‍ ജോലിയുടെയും സുരക്ഷയുടെയും മികച്ച സ്ഥലമാണെന്ന് കൂടുതലായി കരുതുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. വെറുതെ ഓസ്ട്രേലിയാക്കാരെയും വിരോധികള്‍ ആക്കാനേ ഇന്ത്യയിലെ ഒരു പാര്‌ലമെന്റേറിയന്റെ വിടുവായത്തം ഉപകാരപ്രദമാകുവെന്നു ചിന്തിക്കാമായിരുന്നു. ഈ രാഷ്ട്രീയ നേതാക്കളുടെ പലരുടെയും മക്കള്‍ ഉന്നത നിലവാരം കാഴ്ചവെക്കുന്ന ക്രിസ്തീയ സ്‌കൂളുകളിലും കോളജുകളിലും പഠിച്ചു മിടുക്കരായി, ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളില്‍ നല്ല ജോലിയും നേടി, ക്രിസ്തീയതയുടെ നന്മയും മാഹാത്മ്യവും അനുഭവിക്കുന്നവരുമാണ്.
ഓസ്ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് വ്യത്യസ്തമായി, ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ച ഗ്രഹാം സ്റ്റെയിന്‍സ്, ഇന്ത്യയിലെ ഏറ്റവും അവികസിത മേഖലകളിലൊന്ന് തന്റെ ജനസേവനത്തിനു തിരഞ്ഞെടുത്തുവെന്നത് തികച്ചും യാദൃശ്ചികം.
അദ്ദേഹത്തിന്റെ തൂലികാ സുഹൃത്തായ സത്പതിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റെയിന്‍സ് ആദ്യമായി ഇന്‍ഡ്യാ സന്ദര്‍ശിച്ചതെങ്കിലും, കുഷ്ഠരോഗികളുടെ ആശ്രയകേന്ദ്രമായ ലെപ്രസി ഹോമില്‍ ദരിദ്രരെ സേവിക്കുന്നതിനായി തന്റെ ജീവിതകാലം മുഴുവന്‍ നീക്കിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തുടര്‍ച്ചയായ ബലാത്സംഗങ്ങളുമായി കൂടിച്ചേര്‍ന്ന് മിഷനറി ജോലി ചെയ്യാമെന്ന രഹസ്യ അജണ്ടയുമായിട്ടാണ് അദ്ദേഹം വന്നതെന്ന് ആരും കരുതുന്നില്ല. പ്രത്യേകിച്ചും ഒരു വെളുത്ത മിഷനറി, കുഷ്ഠ രോഗവുമായി മല്ലിടുന്ന സ്ത്രീ രോഗികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഒരു വൃത്തികെട്ട മനസ്സിന്റെ ഉടമയ്ക്ക് മാത്രമെ സാധ്യമാവൂ.
ലെപ്രസി ഹോമില്‍ താമസിക്കുന്നവര്‍ക്ക് ഒരു നിര്‍ണ്ണായക ദിവസമായിരുന്നു സ്റ്റെയിനിന്റെ വരവ്. അങ്ങനെ വാസ്തവത്തില്‍ മയൂര്‍ഭഞ്ചിലെ ലെപ്രസി ഹോം ഈ പ്രദേശത്തെ കുഷ്ഠരോഗികളുടെ സങ്കേതമായി മാറി. വാധ്വ കമ്മീഷന്‍ പോലും സ്റ്റെയിനിന്റെ മാനുഷിക പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും അവരുടെ എളിയ ജീവിതത്തെ അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു?
സ്റ്റെയിന്‍സ് തന്റെ ജോലിയില്‍ തനിച്ചായിരുന്നില്ല. ഭാര്യ ഗ്ലാഡിസ്, സ്റ്റെയിന്‍സില്‍ സ്‌നേഹവാനായ ഒരു കൂട്ടുകാരനെയും കഴിവുള്ള ഒരു മനുഷ്യ സ്‌നേഹിയെയും കണ്ടിരുന്നുവെന്നും സ്പഷ്ടമാണ്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ജനിച്ച അവര്‍ കൊല്ലപ്പെടുന്നതിന് 15 വര്‍ഷം മുമ്പ് സ്റ്റെയിനായി വിവാഹം ഉറപ്പിക്കുന്നതിനു മുമ്പ്, ബാരിപാഡ സന്ദര്‍ശിക്കുകയും സ്റ്റെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കണ്ടു പരിചയപ്പെടുകയും ചെയ്തിരുന്നു. സ്റ്റെയിന്‍സ് ഒരു പീഡനവീരന്‍ ആയിരുന്നെങ്കില്‍, അവള്‍ അവനെ വിവാഹം കഴിക്കുകയില്ലായിരുന്നു. ഈ കുലീന സ്വഭാവമുള്ള സാമൂഹ്യ സ്‌നേഹികളോട് വിദ്വേഷം പുലര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. മിഷനറി സ്റ്റെയിന്‍സ് ഒരു സീരിയല്‍ റേപ്പിസ്റ്റാണെന്ന് സത്യപാല്‍ ടെലിവിഷനില്‍ ലോകമെമ്പാടും ക്രൂരമായി പ്രഖ്യാപിച്ചു. അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യന്‍ ജനാധിപത്യത്തില്‍ ലജ്ജിക്കുന്നു.
എന്നിട്ടും, ആ നിര്‍ഭാഗ്യകരമായ രാത്രിയില്‍, സ്റ്റേഷന്‍ വാഗണില്‍ ഉറങ്ങുകയായിരുന്ന സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും ഒരു കൊലപാതക സംഘത്താല്‍ വലയം ചെയ്യപ്പെട്ടു. അവര്‍ വാഹനത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. മൂന്നുപേരെയും ജീവനോടെ ചുട്ടുകൊന്നു.
ജസ്റ്റിസ് വാധ്വ തന്റെ റിപ്പോര്‍ട്ട് ആരംഭിക്കുന്നു, ''കുറ്റകൃത്യത്തിന്റെ ക്രൂരത രാജ്യത്തെയാകെ നടുക്കി. ഓരോ ഇന്ത്യക്കാരനും ലജ്ജയോടെ തല താഴ്‌ത്തേണ്ടി വന്നിരിക്കുന്നു '. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ടെലിവിഷന്‍ കാഴ്ചക്കാര്‍ സ്റ്റെയിനിനും മക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ വിങ്ങിപ്പൊട്ടി കരയുന്നത് കണ്ടതില്‍ അതിശയിക്കാനില്ല.
അത്തരം മാന്യനായ ഒരു മനുഷ്യസ്‌നേഹി ''സീരിയല്‍ റേപ്പിസ്റ്റ്'' ആണെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാനപ്പെട്ട പാര്‍ലമെന്റ് കേട്ടു. തീര്‍ച്ചയായും, സ്റ്റെയിന്‍സിനെതിരെ ബലാത്സംഗ കുറ്റം ഉന്നയിക്കുന്നത് ഇദ്ദേഹം മാത്രമായിരിക്കാം ''പരിവര്‍ത്തനം'' എന്ന വാക്ക് അദ്ദേഹം എത്ര തവണ പരാമര്‍ശിച്ചുവെന്ന് ഓര്‍മ്മയില്ല. പക്ഷേ അതിന് യാതൊരു തെളിവും ഇല്ല താനും. സ്റ്റെയിന്‍സിനെ കൊല്ലാന്‍ പദ്ധതിയിട്ട വ്യക്തി ധാരാ സിംഗ് എന്നറിയപ്പെടുന്ന രബീന്ദ്ര കുമാര്‍ പാലാണ്. അദ്ദേഹം ഒഡീഷയിലേക്ക് പോയി, ആദ്യം മുസ്ലീങ്ങളെയും പിന്നെ ക്രിസ്ത്യാനികളെയും ഉപദ്രവിക്കാന്‍ തുടങ്ങി.
അങ്ങനെ നടന്ന സാമൂഹ്യവിരുദ്ധന്‍ നിഷ്ടൂരമായി ഒരു മിഷ്യനറിയെയും രണ്ട് ആണ്മക്കളെയും ചുട്ടു കരിച്ചതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ ആര്‍ക്കും അറിയില്ല. സ്റ്റെയ്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശദമായി അനീഷ് ഡാനിയേലിന്റെ 'ദി ലീസ്റ്റ് ഒഫ് ദീസ്' എന്ന സിനിമയില്‍, ഒരു ക്രിസ്ത്യന്‍ മിഷനറിയുടെ കുഷ്ഠരോഗികളുമായുള്ള ആതുരസേവന പ്രവര്‍ത്തനവും, ഇന്ത്യയില്‍ വെച്ച് ആ മനുഷ്യസ്‌നേഹിയെ എങ്ങനെ കൊന്നുവെന്നും അവതരിപ്പിച്ചിട്ടുണ്ട്. കുടുംബക്കാര്‍ പോലും ഉപേക്ഷിക്കപ്പെട്ടവരെ സഹായിക്കാന്‍ തന്റെ ജീവന്‍ പണയപ്പെടുത്തിയ ഒരു മനുഷ്യനോടുള്ള ആദരവോടെയാണ് സിനിമ കാഴ്ചക്കാരില്‍ എത്തിച്ചിരിക്കുന്നത്.
ഗ്രഹാം സ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് പോലും കൊലയാളിക്ക് മാപ്പ് നല്‍കി. ''ക്ഷമിക്കുന്നതും തെറ്റ് ചെയ്യുന്നതും കൂടിച്ചേരരുത്. പാപമോചനം എന്ന ക്രിസ്തീയ ചിന്തയാല്‍, എന്റെ കുടുംബത്തെ കൊന്ന വ്യക്തിയോട് ഞാന്‍ യാതൊരു വെറുപ്പും കാണിക്കുന്നില്ല. ക്ഷമ, വിദ്വേഷത്തില്‍ നിന്നും അക്രമത്തില്‍ നിന്നും എല്ലായിടത്തും ആവശ്യമായ സമാധാനം കൊണ്ടുവന്നു. അവള്‍ കൊലയാളിയോട് മാപ്പുനല്‍കി, പക്ഷേ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ദൈവം മാപ്പ് നല്‍കില്ല.
ഇന്ത്യയെപ്പോലുള്ള ഏറ്റവും ജനാധിപത്യ രാജ്യത്ത്, സത്യപാലിനെപ്പോലെ വികല ചിന്തയുള്ളവര്‍ നടത്തുന്ന ജാതിമത വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ആരാണ് മാപ്പ് നല്‍കുന്നത്. അതെ ശരിയാണ്, ഇപ്പോള്‍ ഇന്ത്യയില്‍ വൈവിധ്യത്തില്‍ ഏകത്വം ഇല്ലേയില്ല; ഇവരെപ്പോലുള്ളവര്‍ പരിപോഷിപ്പിച്ചു വിടുന്ന വിദ്വേഷ ചിന്തകള്‍ മാത്രം!
More Latest News
ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കും : ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ച മത്സരങ്ങൾ ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കും

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും
