യുകെയിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലം കടന്നുപോയതോടെ തകരാറിലായ റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും എണ്ണത്തിൽ വൻ വർധനവ്. തെൽഫോർഡിലെ പ്രമുഖ റീസൈക്ലിംഗ് പ്ലാന്റായ എ.ഓ (AO) ആണ് റെക്കോർഡ് എണ്ണം ഫ്രിഡ്ജുകൾ പുനരുപയോഗത്തിനായി ലഭിച്ചതായി വ്യക്തമാക്കിയത്.
ഈ വർഷത്തെ ജൂൺ, ഓഗസ്റ്റ് മാസങ്ങളാണ് എ.ഓ പ്ലാന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രിഡ്ജുകൾ റീസൈക്ലിംഗിനായി എത്തിയ കാലയളവ്. ഈ വർഷം ആകെ 5,70,000 മുതൽ 5,80,000 വരെ ഫ്രിഡ്ജുകൾ പ്ലാന്റിൽ പ്രോസസ്സ് ചെയ്യുമെന്നാണ് കമ്പനിയുടെ വാണിജ്യ ഡയറക്ടറായ ഡേവ് വെയർ വ്യക്തമാക്കുന്നത്. സാധാരണയായി 7 മുതൽ 10 ദിവസം വരെ മാത്രം നീണ്ടുനിൽക്കാറുള്ള തിരക്ക് ഇത്തവണ 5 മുതൽ 6 ആഴ്ച വരെ നീണ്ടുനിന്നു.
അന്തരീക്ഷ താപനില വർധിക്കുന്നത് ഗാർഹിക ഫ്രിഡ്ജുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും അവ വേഗത്തിൽ കേടാകാൻ കാരണമാവുകയും ചെയ്യുന്നു. കഴിഞ്ഞ 14 മാസത്തിനിടെ യുകെയിലെ 10 പ്രധാന റീസൈക്ലിംഗ് പ്ലാന്റുകളിൽ മൂന്നെണ്ണം അടച്ചുപൂട്ടിയതും പ്രതിസന്ധി രൂക്ഷമാക്കി.
കൂടാതെ, അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായാൽ നിലവിലുള്ള പ്ലാന്റുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ല. പ്ലാന്റിലെ പ്രധാന ക്രംഷിംഗ് മെഷീനായ 'ബർത' തണുപ്പിച്ചു നിർത്തിയാൽ മാത്രമേ ഫ്രിഡ്ജുകളിൽ നിന്നുള്ള മലിനീകരണ വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യാൻ സാധിക്കൂ.
വരും വർഷങ്ങളിലും സമാനമായ വേനൽച്ചൂട് പ്രതീക്ഷിക്കുന്നതിനാൽ പ്ലാന്റുകളിൽ കൂടുതൽ കൂളിംഗ് സംവിധാനങ്ങളും സംഭരണ സ്ഥലങ്ങളും ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

