18
MAR 2021
THURSDAY
1 GBP = 126.53 INR
1 USD = 94.44 INR
1 EUR = 106.13 INR
breaking news : ലണ്ടൻ ചൂടിൽ കരിഞ്ഞു കേടായി ഫ്രിഡ്ജുകൾ: ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രിഡ്ജുകൾ റീസൈക്ലിംഗിനായി എത്തി; ചൂട് കൂടിയതോടെ ഗാർഹിക ഉപകരണങ്ങൾ വൻതോതിൽ കേടായതായി റിപ്പോർട്ട് >>> യുകെയിലെ പ്രമുഖ വിമാനത്താവളത്തിൽ തീവ്രമായ വൈദ്യുതി വ്യതിയാനം: നൂറുകണക്കിന് വിമാന സർവീസുകൾ താറുമാറായി; യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി >>> വൈദ്യുതിയില്ലാതെ ഒരുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും… 2 മരണം! നാശനഷ്ടങ്ങൾ കൂട്ടി ബോലോ കൊടുങ്കാറ്റ്! ഗതാഗതവും ജനജീവിതവും സ്തംഭിച്ച് യുകെ, മുന്നറിയിപ്പുകൾ തുടരുന്നു >>> ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ >>> കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു >>>
Home >> NEWS
വൈദ്യുതിയില്ലാതെ ഒരുലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും… 2 മരണം! നാശനഷ്ടങ്ങൾ കൂട്ടി ബോലോ കൊടുങ്കാറ്റ്! ഗതാഗതവും ജനജീവിതവും സ്തംഭിച്ച് യുകെ, മുന്നറിയിപ്പുകൾ തുടരുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2026-10-26

 ഒന്നിനുപിന്നാലെ ഒന്നായി രണ്ട് കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചതോടെ യുകെയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഗതാഗതവും ജനജീവിതറും സ്തംഭിച്ച അവസ്ഥയിലാണ്,

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്രചെയ്യരുതെന്നും വീടിന് പുറത്തിറങ്ങരുതെന്നുമുള്ള മുന്നറിയിപ്പുകൾ തുടരുന്നു.

ബോലോ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് രാജ്യത്തുടനീളം വലിയ തോതിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. 

തെക്കൻ ലണ്ടനിൽ കാറിന് മുകളിലേക്ക് മരം വീണ് ഇരുപതുകളിൽ പ്രായമുള്ള യുവാവാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് മണിക്കൂറുകൾക്ക് മുൻപ് സ്കോട്ട്ലൻഡിലെ ഡംഫ്രിസ് ആൻഡ് ഗാലവേയിൽ അറുപതുകാരനായ മറ്റൊരു വ്യക്തിയും മരങ്ങൾ കടപുഴകി വീണ് മരണപ്പെട്ടിരുന്നു. കൂടാതെ പേർത്ത് ആൻഡ് കിൻറോസിൽ മരം വീണ് പരിക്കേറ്റ രണ്ട് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടുങ്കാറ്റിന്റെ പ്രത്യാഘാതമായി ഞായറാഴ്ച രാത്രി ഏഴ് മണിയോടെ രാജ്യത്ത് 90,000-ലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചു. 

അപകടകരമായ കാലാവസ്ഥ കാരണം നെറ്റ്‌വർക്ക് എൻജിനീയർമാരുടെ സുരക്ഷ മുൻനിർത്തി അറ്റകുറ്റപ്പണികൾ വൈകുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ഇതിനുപുറമെ മുൻപ് രാജ്യത്ത് ആഞ്ഞടിച്ച 'സ്റ്റോം ഓസ്റ്റൺ' കൊടുങ്കാറ്റിന്റെയും സ്റ്റോം ബോലോയുടെയും പശ്ചാത്തലത്തിൽ ഇതുവരെ 8,38,700-ലധികം വീടുകൾക്കാണ് വൈദ്യുതി തടസ്സം നേരിടേണ്ടി വന്നിട്ടുള്ളത്.

സ്കോട്ട്ലൻഡിലെ മാക്രിഹാനിഷിൽ മണിക്കൂറിൽ 85 മൈൽ വേഗതയിലും, ഔട്ടർ ഹെബ്രൈഡിലെ സ്റ്റോണോവേ, വെയ്ൽസിലെ കാപെൽ ക്യൂറിഗ് എന്നിവിടങ്ങളിൽ 84 മൈൽ വേഗതയിലുമാണ് ശക്തമായ കാറ്റ് വീശിയടിച്ചത്. 

മെറ്റ് ഓഫീസ് സ്കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും നൽകിയിരുന്ന ഓറഞ്ച് ജാഗ്രത രാത്രി ഒമ്പത് മണി വരെ നീണ്ടുനിന്നിരുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ, ലീഡ്സ്, ഷെഫീൽഡ്, ന്യൂകാസിൽ തുടങ്ങിയ വടക്കൻ ഇംഗ്ലീഷ് പ്രദേശങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 

അത്യാവശ്യത്തിനല്ലാതെ ആരും വീടുകൾക്ക് പുറത്തിറങ്ങരുതെന്നും മരങ്ങൾക്കും കെട്ടിടങ്ങൾക്കും സമീപം നിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നാല് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും സ്കോട്ട്ലൻഡിൽ 17 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലവിലുണ്ട്. 

സ്കോട്ടിഷ് ഹൈലാൻഡിലെ ക്ലുവാനി ഇൻ പ്രദേശത്ത് മാത്രം 130 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ സ്കോട്ടിഷ് സർക്കാർ മന്ത്രിമാരും ഉദ്യോഗസ്ഥരും അടിയന്തര യോഗം ചേർന്നിട്ടുണ്ട്. രാജ്യത്ത് ഗതാഗത സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്. 

സ്കോട്ട്ലൻഡിൽ അത്യാവശ്യമല്ലാത്ത റോഡ് യാത്രകൾ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ബെൽഫാസ്റ്റ്, ഗ്ലാസ്ഗോ, അബർടീൻ, ഡബ്ലിൻ വിമാനത്താവളങ്ങളിൽ നിന്നുള്ള ചില സർവീസുകളും ഫെറി സർവീസുകളും ട്രെയിൻ ഗതാഗതവും റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ട്. 

ലാങ്സ്, ഗൗറോക്ക്, ഡംബർട്ടൺ തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിരവധി കടകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

More Latest News

ആത്മീയ നിറവിൽ പുതിയ തലമുറ: ഡബ്ലിനിൽ പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ധ്യാനപരിപാടിയും സംഘടിപ്പിക്കുന്നു; രജിസ്ട്രേഷൻ ആരംഭിച്ചു, രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ

കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിലെ ക്ലോണി, ലിറ്റിൽപേസിലുള്ള Church of Mary, Mother of Hope-ൽ നടക്കും. 9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഈ ധ്യാനം, ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ രൂപം കൊണ്ടതും അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM)-യുടെ അയർലൻഡ് Children’s Ministry Team ആണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: BIJO: 089 461 9950, JENCY: 089 405 5224, DEEPA: 087 940 2127, ASHA: 087 772 4033.  

കേംബ്രിജിൽ പ്രവാസി മലയാളികൾക്കായി ആഘോഷ രാവൊരുങ്ങുന്നു: കേംബ്രിജ് മലയാളി അസോസിയേഷൻ്റെ 'നക്ഷത്രരാവ് 2027' വലിയ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു

സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും വർണാഭമായ വിരുന്നൊരുക്കി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ (CMA) ക്രിസ്മസ്–പുതുവത്സര ആഘോഷമായ ‘നക്ഷത്രരാവ് 2027’ ജനുവരി 9-ന് അരങ്ങേറും. പ്രമുഖ കലാസംഘമായ Musical Comedy Express ടീമിനൊപ്പം സംഘടിപ്പിക്കുന്ന ആഘോഷപരിപാടി കേംബ്രിഡ്ജിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു സായാഹ്നമായി മാറും. 2027 ജനുവരി 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ കേംബ്രിഡ്ജിലെ നെതർഹാൾ സ്കൂൾ ആട്രിയം ഹാളിലാണ് പരിപാടി നടക്കുന്നത്. ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷവും ആഘോഷവും ഒരുമിച്ചുചേർക്കുന്ന ഈ കലാവിരുന്നിൽ സംഗീതവും നൃത്തവും ഹാസ്യവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും. സംഗീതവും ചിരിയും നിറഞ്ഞ സായാഹ്നം സമ്മാനിക്കാൻ എത്തുന്ന Musical Comedy Express ടീമിന്റെ പ്രകടനങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ആഘോഷിക്കാനും കലാപരിപാടികൾ ആസ്വദിക്കാനും മലയാളി സമൂഹത്തിന് മികച്ച അവസരമാണ് CMA ഒരുക്കുന്നത്. കേംബ്രിഡ്ജിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷം, പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും പുതുക്കുന്നതിനുള്ള വേദി കൂടിയായിരിക്കും. ടിക്കറ്റ് നിരക്കുകൾ  അസോസിയേഷൻ അംഗങ്ങൾക്കും അംഗങ്ങളല്ലാത്തവർക്കുമായി വ്യത്യസ്ത നിരക്കുകളിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.  അംഗങ്ങൾക്ക്:  മുതിർന്നവർ (സ്കൂൾ ഇയർ 7 മുതൽ): £20  കുട്ടികൾ (സ്കൂൾ ഇയർ 1–6): £15  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം അംഗങ്ങളല്ലാത്തവർക്ക്:  മുതിർന്നവർ: £22  കുട്ടികൾ (സ്കൂൾ ഇയർ 1–6): £17  റിസപ്ഷൻ ക്ലാസിലും അതിൽ താഴെയും പഠിക്കുന്ന കുട്ടികൾക്ക്: സൗജന്യം  Idealistic Mortgage & Insurance Service ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. പരിപാടിയുടെ വിശദാംശങ്ങൾ  തീയതി: 2027 ജനുവരി 9, ശനിയാഴ്ച  സമയം: ഉച്ചകഴിഞ്ഞ് 2.30 മുതൽ രാത്രി 9 മണി വരെ  വേദി: Netherhall School Atrium Hall, Cambridge, CB1 8NN  ബന്ധപ്പെടേണ്ട നമ്പറുകൾ:  07545 233760 | 07757 670553 പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ ഊർജം പകരുന്ന ഈ ആഘോഷത്തിൽ കേംബ്രിഡ്ജിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം പങ്കുചേരാൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിച്ചു.  ഒത്തുചേരാം… ആഘോഷിക്കാം… നക്ഷത്രരാവിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാം!

'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു", . ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1997ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഗുരു'. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ​'ഗുരു'വിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ്.  "ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കറിന് തിരഞ്ഞെടുത്ത സിനിമയാണ് ​'ഗുരു'. ഞാനിപ്പോഴും തമിഴിലൊക്കെ പോകുമ്പോൾ അവിടെയുള്ളവരോട് ആ സിനിമയെക്കുറിച്ച് പറയാറുണ്ട്. ഓസ്ട്രേലിയൻ ഓർക്കസ്ട്രയാണ് അതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇളയരാജയുടെ മ്യൂസിക്കിൽ. എനിക്ക് ആവേശം കൊള്ളുന്ന ഒരു സിനിമയാണത്. വെളുപ്പിന് അഞ്ച് മണിക്ക് നമ്മൾ മേക്കപ്പ് തുടങ്ങും. പത്തോളം മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. പത്തഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. എല്ലാവർക്കും മുടി വയ്ക്കണം, കോൺടാക്ട് ലെൻസ് വയ്ക്കണം, താടി വയ്ക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ടായിരുന്നു. എല്ലാവർക്കും ഒരു ബ്രൗൺ കളറാണ്. അതെന്തുകൊണ്ടാണ‌ന്ന് ചോദിച്ചാൽ ആ സെറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ചുവന്ന മണ്ണു കൊണ്ടാണ്. അതിൽ സ്വഭാവികമായും പൊടിയുണ്ടാകും. അതുവച്ചാണ് അവരുടെ ശരീരത്തിന് ഒരു ബ്രൗൺ കളർ കൊടുത്തത്. ലൈറ്റ് ഈജിപ്ഷ്യൻ എന്നു പറയുന്ന ഒരു പാൻ കേക്ക് ഉപയോ​ഗിച്ചാണ് ആ കളർ കൊടുത്തത്. പിന്നെ എല്ലാവർക്കും താടി വച്ചു. ശ്രീനിവാസൻ, ലാൽ സാർ എല്ലാവരും രാവിലെ വരും. കൃത്യം എട്ട് മണിക്ക് ആദ്യത്തെ ഷോട്ട് എടുക്കും. അതിന് മുൻപ് ആദ്യത്തെ ഷോട്ടിന് വേണ്ട എല്ലാവരെയും നമ്മൾ റെഡിയാക്കണം. അതൊരു നല്ല ശ്രമമായിരുന്നു. പക്ഷേ വളരെ ഡിസിപ്ലിൻ ആയി പോയ ഒരു ഷൂട്ടായിരുന്നു. ഓർക്കുമ്പോൾ ആ സിനിമയൊക്കെ വലിയ സംഭാവന നൽകിയിട്ടുണ്ട് ജീവിതത്തിൽ". - ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പട്ടണം റഷീദ് പറഞ്ഞു.

'രാജാ രവിവർമ്മ ചിത്രം പോലെ വേണമെന്ന് സന്തോഷ് ശിവൻ പറഞ്ഞു, സ്കിൻ ടോൺ കളറല്ല ഉപയോഗിച്ചത്!': അനന്തഭദ്രത്തിൽ കാവ്യ മാധവന്റെ ഐക്കോണിക് ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മേക്കപ്പ് ആർട്ടിസ്റ്റ്

സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അനന്തഭദ്രം'. പൃഥ്വിരാജ്, മനോജ്‌ കെ ജയൻ, കലാഭവൻ മണി, കാവ്യ മാധവൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയതും. പട്ടണം റഷീദ് ആണ് ചിത്രത്തിലെ മേക്കപ്പ്മാൻ.  'അനന്തഭദ്ര'ത്തിലെ കാവ്യ മാധവന്റെ ലുക്കിനെക്കുറിച്ച് ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ സംസാരിക്കാറുണ്ട്. കാവ്യയെ ഏറ്റവും സുന്ദരിയായി മലയാളികൾ കണ്ടതും 'അനന്തഭദ്ര'ത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ കാവ്യയുടെ മേക്കപ്പിനെക്കുറിച്ച് പട്ടണം റഷീദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "രവി വർമയുടെ പെയിന്റിങ് പോലെയായിരിക്കണമെന്ന് സന്തോഷ് ശിവൻ എന്നോട് പറഞ്ഞിരുന്നു. രവി വർമയുടെ പെയിന്റിങ് കണ്ടിട്ടുണ്ടെന്നല്ലാതെ, അങ്ങനെയൊരു ചിത്രകാരനല്ലല്ലോ. അപ്പോൾ നമ്മൾ ആലോചിച്ചു എങ്ങനെ അത് ചെയ്യാൻ പറ്റുമെന്ന്. ശരിക്കും രവി വർമയുടെ ചിത്രങ്ങളിൽ പ്രൊജക്ട് ചെയ്ത് നിൽക്കുന്നത് ഓറഞ്ച് ടോൺ ആണ്. മഞ്ഞയും ചുവപ്പും അധികമായി നിൽക്കുന്ന ചിത്രങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റാണോ ശരിയാണോ എന്നറിയില്ല. അതുവച്ചാണ് ആ മേക്കപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. സ്കിൻ കളർ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ആദ്യം മഞ്ഞയിട്ടു, പിന്നെ ചുവപ്പ് ഇട്ടു. പിന്നെ ഓറഞ്ച് മിക്സ് ചെയ്തിട്ട് അതിന്റെ മുകളിൽ സ്കിൻ കളർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആ മേക്കപ്പിന്റെ ഒരു ടോൺ ക്രിയേറ്റ് ചെയ്തത്. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനും അങ്ങനെ തന്നെയാണ് ചെയ്തത്".- പട്ടണം റഷീദ് പറഞ്ഞു.

'നീ ഡ്രൈവർ താനാ?' ഒരൊറ്റ ഡയലോഗിലൂടെ ജയിലറിൽ രജനിയെ റാഗ് ചെയ്തത് സുരാജിന്റെ അളിയൻ! തീയേറ്ററുകളിൽ ചിരിപ്പിച്ച ആ കോമഡി താരം മലയാളി തന്നെ

ബോക്സ് ഓഫീസിനെ കൊടുമ്പിരി കൊള്ളിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ് ജയിലർ 2. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വൻ നേട്ടമാണ് ചിത്രത്തിന് ആഗോളതലത്തിൽ ലഭിക്കുന്നത്. തമിഴ് സിനിമ ആണെങ്കിലും ചിത്രത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. മോഹൻലാൽ, സുരാജ്, വിനായകൻ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിൽ മറ്റാരും പ്രതീക്ഷിക്കാത്ത ഒരു മലയാളി കൂടിയുണ്ട്. മറ്റാരുമല്ല, ചിത്രത്തിലെ പ്രധാന വില്ലന്മാരിൽ ഒരാളായ സുരാജിന്റെ അളിയനായി വേഷമിട്ട നോബിൾ കെ ജെയിംസ് ആണത്. ജിഞ്ചു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമയിലൂടനീളം ഒറ്റ ഡയലോഗ് കൊണ്ട് ചിരിയുണർത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഡ്രൈവറായി വേഷമിട്ടെത്തുന്ന രജനിയെ അളിയന്റെ സർവ്വ അധികാരവും ഉപയോഗിച്ച് നിലയ്ക്ക് നിർത്താൻ നോക്കുന്ന രംഗവും ഡയലോഗും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ‘നീ ഡ്രൈവർ താനേ ?’ എന്ന ഒറ്റ ഡയലോഗിലാണ് താരം മിന്നിയത്. താരത്തിൽ ഈ ഒരൊറ്റ ഡയലോഗിൽ ആണ് ചിത്രത്തിലെ ട്വിസ്റ്റുകളിൽ ഒന്ന് വെളിപ്പെടുന്നതും. ചങ്ങാനേശേരി സ്വദേശിയാണ് സുരാജിന്റെ അളിയനും ലിച്ചിയുടെ അനിയനുമായി വേഷമിട്ട നോബിൾ. ഒക്ടോബർ ആദ്യം പുറത്തിറങ്ങിയ ജയിലർ 2വിന്റെ ട്രെയിലറിൽ ഉൾപ്പെടെ താരത്തിന്റെ ഭാഗമുണ്ടായിരുന്നു. അതേസമയം, കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബർ 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോള തലത്തിൽ 680 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്.

Other News in this category

  • ആംബെർ വാണിങ്..! ഓസ്റ്റന് പിന്നാലെ ബോയ്‌ലൊ കൊടുങ്കാറ്റും ആഞ്ഞടിക്കുന്നു; ബ്രിട്ടനിലും അയർലാൻഡിലും കനത്ത നാശനഷ്ടങ്ങൾ… അത്യാവശ്യമില്ലാതെ യാത്രചെയ്യരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ്, ട്രെയിൻ, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു
  • കനത്ത നാശം വിതച്ച് ഓസ്റ്റൻ കൊടുങ്കാറ്റ്… വൈദ്യുതിയില്ലാതെ പതിനായിരക്കണക്കിന് വീടുകൾ, സ്‌കൂളുകൾക്ക് അവധി; 'ബോലോ' കൊടുങ്കാറ്റും ഇന്ന് കരതൊടും, യാത്രക്കാർക്ക് ജാഗ്രതാനിർദേശം, അവശ്യസാധനങ്ങളുടെ സർവൈവൽ കിറ്റ് കരുതണം
  • കൊടുങ്കാറ്റും മഴയും മാത്രമല്ല സൈബർ, ആണവ ആക്രമണമടക്കം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജനങ്ങൾ 3 ദിവസത്തെ സർവൈവൽ കിറ്റും അവശ്യവസ്തുക്കളും കരുതണമെന്ന് യുകെ സർക്കാർ മുന്നറിയിപ്പ്! എന്തൊക്കെയാണ് കരുതേണ്ടതെന്ന് അറിയൂ...
  • എസ്ബിഐയിലെ ഡാറ്റാ മോഷണം: ആഗോള പ്രവാസികളും ആശങ്കയിൽ! പ്രവാസികളുടെ വിവരങ്ങളും ചോർന്നതായി സംശയം, ബാങ്ക് ഉപഭോക്താക്കളും പ്രവാസികളും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയുക
  • കേരളത്തിന്റെ കണ്ണുനീരായി കൃപയും ആഷ്‌ലിയും, മരണത്തിലും ഒരുമിച്ച സൗഹൃദം..! ​ഓസ്‌ട്രേലിയൻ പഠനം കഴിഞ്ഞ് കൃപ നാട്ടിലെത്തിയിട്ട് 2 ദിനം; വിടപറഞ്ഞത് യാക്കോബായ വൈദികന്റെ മകൾ! ഐഇഎൽടിഎസ് നേടി വിദേശ പഠനത്തിനൊരുങ്ങി പ്രിയ സ്നേഹിത ആഷ്‌ലിയും
  • പ്രൈവറ്റ് പാർക്കിങ് കേന്ദ്രങ്ങളിലെ അമിത പിഴകൾക്ക് നിയന്ത്രണം.. പാർക്കിങ് നിയമങ്ങളിൽ വമ്പൻ അഴിച്ചുപണിയുമായി പ്രധാനമന്ത്രി ആൻഡി ബേൺഹാം, നിയമമാറ്റം ഡ്രൈവർമാർക്ക് വലിയ നേട്ടമാകും
  • പബ്ലിക് ബസ്സുകളിൽ പോകുമ്പോൾ ഉച്ചത്തിൽ പാട്ടോ മറ്റ് ശബ്ദശല്യങ്ങളോ ഉണ്ടാക്കുന്നവർക്ക് പണി വരുന്നു, 100 പൗണ്ട് പിഴശിക്ഷ! ട്രെയിനിൽ 1000 പൗണ്ടും; പുറത്താക്കലും യാത്രാനിരോധനവുമടക്കം നിയമം പ്രാബല്യത്തിൽ
  • യുകെയിൽ മോർട്ട്ഗേജ് പലിശനിരക്കുകളിൽ കുറവ്; വീട് വാങ്ങുന്നവർക്കും റീമോർട്ട്ഗേജ് ചെയ്യുന്നവർക്കും ആശ്വാസം, പുതിയ ഓഫറുകളുമായി പ്രമുഖ ബാങ്കുകൾ
  • അവിശ്വസനീയം ഈ വേർപാടുകൾ… ഗിൽഫോർഡിൽ 19കാരിയായ മലയാളി നഴ്‌സിംഗ് വിദ്യാർത്‌ഥിനി കുഴഞ്ഞുവീണ് മരിച്ചു! നന്ദന കൊല്ലത്തെ എഎസ്ഐയുടെ മകൾ, ബോസ്‌റ്റണിൽ റാന്നി സ്വദേശി ചെറിയാൻ മാത്യുവും വിടവാങ്ങി
  • ഒരുകാരണവുമില്ലാതെ ഒരാഴ്‌ചത്തെ ജയിൽവാസം… ഒടുവിൽ സത്യം തെളിഞ്ഞപ്പോൾ നഷ്ടപരിഹാരം പോലും നൽകാതെ മോചനം! ആശ്വാസ കണ്ണീർ പൊഴിച്ച് സൗദി നഴ്‌സ് ഫിലോമിനയുടെ കുടുംബം! ഈ കരിനിയമങ്ങളിൽ മലയാളി നഴ്‌സുമാർ എങ്ങനെ മനസ്സമാധാനത്തോടെ ജോലിചെയ്യും?
  • Most Read

    British Pathram Recommends