യുകെയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും പൊതുധനകാര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പുതിയ ബജറ്റിൽ വിവിധ നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വരുമാന നികുതിയോ വാറ്റോ ദേശീയ ഇൻഷുറൻസോ വർദ്ധിപ്പിക്കില്ലെന്ന ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ട് ബജറ്റിൽ പണം കണ്ടെത്താനുള്ള മറ്റ് വഴികളാണ് സർക്കാർ തേടുന്നത്. ഇതിന്റെ ഭാഗമായി ബാങ്കുകളുടെ കോർപ്പറേഷൻ നികുതി സർചാർജ് വർദ്ധിപ്പിക്കുക, ചൂതാട്ട യന്ത്രങ്ങളുടെ നികുതി ഇരട്ടിയാക്കുക, ആമസോൺ, ഇബേ പോലുള്ള വലിയ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമുകളിൽ നിന്ന് വാറ്റ് (VAT) പിരിച്ചെടുക്കുന്നത് കർശനമാക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ പരിഗണനയിലുണ്ട്. കൂടാതെ, ആരോഗ്യ-രോഗാവസ്ഥ ആനുകൂല്യങ്ങളിലെ ചെലവുകൾ നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള നടപടികളും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 28 ബുധനാഴ്ചയാണ് പുതിയ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുക.

