40 വർഷങ്ങൾക്കുശേഷം തീയേറ്ററിലെത്തി സിനിമ കണ്ട് രജനീകാന്ത്. ജയിലർ 2 കാണാനാണ് അദ്ദേഹം എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചെന്നൈയിലെ ഫീനിക്സ് മാളിലായിരുന്നു രജനികാന്ത് സിനിമ കാണാനായി എത്തിയത്. ജയിലർ 2 നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ വിവരം പുറത്തുവിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ രജനീകാന്തിനോടൊപ്പം സംഗീത സംവിധായകൻ അനിരുദ്ധ്, കൊച്ചു മക്കളായ ലിംഗ, യാത്ര എന്നിവരും ഉണ്ടായിരുന്നു.
2023ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് റോഷൻ എന്നിവരും എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലൻ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് എന്നിവർ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.
അതേസമയം, ബോക്സ് ഓഫീസിലും ജയിലർ 2 മികച്ച മുന്നേറ്റം തുടരുകയാണ്. പുറത്തുവന്ന കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം ഇന്ത്യയിൽ നിന്ന് 348.85 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. ഒമ്പതാം ദിവസത്തെ മാത്രം നെറ്റ് കളക്ഷൻ 14.50 കോടി രൂപയാണ്. ആഗോളതലത്തിൽ ചിത്രത്തിന്റെ കളക്ഷൻ 628.05 കോടി രൂപയിലെത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

