അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്ഷമുണ്ടാകാറുണ്ടെന്ന ഐടിബിപി മേധാവി ജനറല്‍ ശത്രുജീത് കപൂറിന്റെ പരാമര്‍ശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്ത്. സംഭവവങ്ങള്‍ മാസങ്ങളോളം സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചുവെന്ന് പവന് ഖേര ആരോപിച്ചു. ചൈനയും അമേരിക്കയും ഇസ്രായേലും നിയന്ത്രിക്കുന്ന ഒരു കളിപ്പാട്ടത്തോട് പ്രധാനമന്ത്രിയെ ഉപമിച്ചുകൊണ്ട് അദ്ദേഹം പരോക്ഷമായി പരിഹസിക്കുകയും ചെയ്തു.
'ലോകമെമ്പാടും ചൈനീസ് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നുണ്ട്. നമ്മുടെ രാജ്യത്തുമുണ്ട് 56 ഇഞ്ചിന്റെ ഒരു കളിപ്പാട്ടം, അതിന്റെ താക്കോല്‍ ചൈനയുടെ കൈവശമാണ്. അത് അമേരിക്കയുടെയും ഇസ്രായേലിന്റെയും കൈവശവുമുണ്ട്' -പവന് ഖേര പറഞ്ഞു. പൊതുജനം നേരത്തെ തന്നെ സംശയിച്ചിരുന്നതും എന്നാല്‍ ജൂലൈ മുതല്‍ സര്‍ക്കാര്‍ മൂടിവെച്ചിരുന്നതുമായ വിവരങ്ങളാണ് ഐടിബിപി മേധാവിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ഖേര പറഞ്ഞു.
ഐടിബിപി ഡിജി പറഞ്ഞത് നിങ്ങളും ഞങ്ങളും നേരത്തെ അറിഞ്ഞതാണ്. എന്നാല്‍ ജൂലൈ മുതല്‍ സര്‍ക്കാര്‍ അത് മൂടിവെക്കുകയായിരുന്നു. ഇന്ന് ഡിജിയുടെ വെളിപ്പെടുത്തലിലൂടെ എല്ലാവരും അത് അറിയാന്‍ ഇടയായി. പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യന്‍ സൈന്യം നടത്തുന്ന പോരാട്ടത്തെ ഖേര അഭിനന്ദിച്ചു.
രാജസ്ഥാനിലെ അല്‍വാറിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് കോളജില്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ്, അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെ വിവിധയിടങ്ങളില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്നുവെന്ന് ഐടിബിപി മേധാവി സ്ഥിരീകരിച്ചത്. വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ നിലവിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ആദ്യമായാണ് ഉണ്ടാകുന്നത്.
യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തക്സിങ് മേഖലയിലെ പ്രധാന പട്രോളിങ് പോയിന്റുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് ചൈനീസ് സൈന്യം പ്രവേശനം നിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ജൂലൈയില്‍ പുറത്തുവന്നിരുന്നു. സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴും സംഘര്‍ഷം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

