യൂഎസിലെ സിലിക്കൺ വാലിയിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മിൽപിറ്റാസ് ഇരട്ടക്കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്.
പ്രതി അനില ബേബിയ്ക്ക് ഗുരുതരമായ മാനസികപ്രശ്നങ്ങൾ ഉണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. അനിലയുടെ മാനസികാരോഗ്യ നില സംബന്ധിച്ചുള്ള പരിശോധനകൾ നടത്താനാണ് ഉത്തരവിട്ടിട്ടുള്ളത്. കേസിൽ പ്രതിയായ അനില ബേബിക്ക് വിചാരണ നേരിടാനുള്ള മാനസിക ശേഷിയുണ്ടോ എന്ന കാര്യത്തിൽ ഗുരുതരമായ സംശയമുണ്ടെന്ന് കാട്ടി പ്രതിഭാഗം അഭിഭാഷകൻ ഷോൺ ജോർജ് കോടതിയിൽ ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു. കലിഫോർണിയ പീനൽ കോഡ് 1368 അനുസരിച്ചാണ് പ്രതിഭാഗം ഈ വിഷയം ഉന്നയിച്ചത്. കുറ്റകൃത്യം നടക്കുമ്പോഴുള്ള മാനസികാവസ്ഥയല്ല, മറിച്ച് നിലവിൽ കോടതി നടപടികളും വിചാരണയും നേരിടാൻ പ്രതിക്ക് മാനസികമായി പ്രാപ്തിയുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ഈ നിയമവകുപ്പ്. പ്രതിഭാഗത്തിന്റെ ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തില്ല എന്നതും ശ്രദ്ധേയമാണ്. തുടർന്ന് മെന്റൽ ഹെൽത്ത് കോടതി ജഡ്ജി മീഗൻ പിയാനോ, കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. പ്രതിയുടെ മാനസിക നില സമഗ്രമായി പരിശോധിക്കുന്നതിനായി കോടതി രണ്ട് ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ പരിശോധന നടത്തി സമർപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനായി കേസ് വരുന്ന ഡിസംബർ 18-ാം തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു സിലിക്കൺ വാലി ഞെട്ടിച്ച ഈ കൊലപാതകങ്ങൾ നടന്നത്. മലയാളി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അനില ബേബിയുടെ മാനസികനില സംബന്ധിച്ച പുതിയ നീക്കം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും നിരാശരും രോഷാകുലരും ആക്കിയിട്ടുണ്ട്.

