കോവിഡ് വാക്സിനേഷൻ ജനജീവിതത്തിന് വലിയ തോതിൽ സംരക്ഷണം നൽകിയിട്ടുണ്ടെങ്കിലും, പാർശ്വഫലങ്ങളാൽ ബുദ്ധിമുട്ടുന്ന ചെറിയൊരു വിഭാഗം ആളുകളെ സഹായിക്കുന്നതിനുള്ള നിലവിലെ സംവിധാനം അപര്യാപ്തമാണെന്ന് ഇന്ക്വയറി അധ്യക്ഷയായ ബാരനെസ് ഹാലറ്റ് തന്റെ നാലാം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
പദ്ധതിക്കായി ഇതുവരെ 24,000-ത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും, അതിൽ 1% ആളുകൾക്ക് മാത്രമാണ് 1,20,000 പൗണ്ടിന്റെ ഒറ്റത്തവണ നികുതിരഹിത ധനസഹായം ലഭിച്ചിട്ടുള്ളത്.
അപേക്ഷകർ കുറഞ്ഞത് 60% വൈകല്യമുള്ളവരാണെന്ന് തെളിയിക്കണമെന്ന നിലവിലെ കർശന വ്യവസ്ഥ കോവിഡ് വാക്സിൻ കേസുകളിൽ ഫലപ്രദമല്ലെന്നും, ഈ സ്കീം ആവശ്യത്തിന് പിന്തുണ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2022 ഏപ്രിൽ മുതൽ ഈ പദ്ധതിയുടെ നടത്തിപ്പിനായി മാത്രം 83 ദശലക്ഷം പൗണ്ട് ചെലവായിട്ടുണ്ടെന്നും, ഇത് ഇതുവരെ രോഗികൾക്ക് സഹായമായി നൽകിയ 32 ദശലക്ഷം പൗണ്ടിന്റെ ഇരട്ടിയിലധികമാണെന്ന കണക്കുകൾ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു.
സർക്കാർ നിലപാടിൽ വാക്സിൻ ഇരകളുടെ സംഘടനയായ 'വാക്സിൻ ഇൻജ്യൂർഡ് ആന്റ് ബെറീവ്ഡ് യുകെ' ഭാഗികമായി സ്വാഗതം ചെയ്തെങ്കിലും, വ്യക്തമായ സമയപരിധിയോ കർമ്മപദ്ധതിയോ ഇല്ലാതെ സർക്കാർ അനിശ്ചിതത്വം തുടരുകയാണെന്ന് ആശങ്ക പ്രകടിപ്പിച്ചു.
അഞ്ച് വർഷത്തിലേറെയായി നീതിക്കായി പോരാടുന്ന കുടുംബങ്ങൾക്ക് അടിയന്തരമായി നീതി ഉറപ്പാക്കണമെന്നും, വെറും വാഗ്ദാനങ്ങൾക്ക് പകരം കൃത്യമായ നടപടികളാണ് ആവശ്യമെന്നും അവർ ആവശ്യപ്പെട്ടു. മറ്റ് യുകെ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായും ബാധിക്കപ്പെട്ട കുടുംബങ്ങളുമായും ചേർന്ന് പദ്ധതി കൂടുതൽ ഫലപ്രദവും നീതിയുക്തവുമാക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.

